ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുളള ഹെവി വാഹനങ്ങള്‍ ബ്ലാങ്ങാട് ബീച്ച് അഞ്ചങ്ങാടി വഴി തിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കടപ്പുറം പഞ്ചായത്ത് രംഗത്ത്. ചൊവ്വാഴ്ച ചേര്‍ന്ന കടപ്പുറം പഞ്ചായത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും, ജനപ്രതിനിധികളുടേയും, യുവജന, സാംസ്‌കാരിക സംഘനടകളുടേയും സംയുക്തയോഗം ഗതാഗത ക്രമീകരണ സമിതിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദഗ്ദ്ധരുമായി ആലോചിച്ച് പഠിച്ചശേഷമേ കടപ്പുറം പഞ്ചായത്ത് വഴി വാഹനങ്ങള്‍ കടത്തിവിടുകയുളളൂ എന്ന് തീരുമാനിച്ചിരിക്കെ അതിനു മുന്‍പേ ദിശാസൂചിക ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യോഗം വിലയിരുത്തി. ദേശീയപാതയിലൂടെയും സംസ്ഥാന പാതയിലൂടെയും സഞ്ചരിക്കേണ്ട ഭാരം കയറ്റിയ വാഹനങ്ങള്‍ വളരെ വീതികുറഞ്ഞ, നടപ്പാത പോലുമില്ലാത്ത അഹമ്മദ്കുരിക്കള്‍ റോഡിലുടെ വിടാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നതെുന്നും യോഗം കുറ്റപ്പെടുത്തി. പ്രസ്തുത നീക്കവുമായി മുന്നോട്ട് പേകാനാണ് ഗതാഗത ക്രമീകരണ സമിതി തീരുമാനമെങ്കില്‍ നിയമനടപടിയും സമരപരിപാടികളും രൂപപ്പെടുത്തുന്നതിനുള്ള സര്‍വ്വകക്ഷി സംഘത്തെ യോഗത്തില്‍ തിരഞ്ഞെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അധ്യക്ഷനായി. ആര്‍.കെ ഇസ്മായില്‍ (മുസ്‌ലിം ലീഗ്), എം.എം ജബ്ബാര്‍ (കോഗ്രസ്സ്), ടി.കെ രവീന്ദ്രന്‍( സി.പി.എം), എ.കെ അര്‍ജുനന്‍( സി.പി.ഐ ), ബി.വി.എം ഹുസൈന്‍തങ്ങള്‍(വെല്‍ഫെയര്‍പാര്‍ട്ടി), കെ.എച്ച് ഷാജഹാന്‍(എസ്.ഡി.പി.ഐ ), രാജുശിവാനന്ദന്‍(ബി.ജെ.പി), ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.എ അബൂബക്കര്‍ഹാജി, ഷാജിതഹംസ, ടി.സി ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, പി.വി ഉമ്മര്‍കുഞ്ഞി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.