ലിജിത് തരകൻ

ഗുരുവായൂര്‍: ജീവിതത്തോട് പൊരുതി നിൽക്കുന്ന സുമമോൾക്ക് ഇനി അനിൽ തുണയായുണ്ടാകും. സുമ മോളെ അനിൽ അങ്ങെടുത്തു; തൻറെ ജീവിതത്തിലേക്ക്….
Anil carrying Sumamolപാലക്കാട് പല്ലശന ഒഴുവുപാറ തെക്കേമാങ്ങോട് അപ്പുവിൻറെ മകൻ അനിൽകുമാറും കാവശേരി നടക്കാവ് പല്ലത്ത് വീട്ടിൽ വാസുവിൻറെ മകൾ സുമമോളും ഇന്ന് രാവിലെ ഗുരുവായൂർ ടൗൺ ഹാളിൽ കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്ന ശേഷിക്കാരുടെ സമൂഹ വിവാഹ ചടങ്ങിൽ ഒന്നായി. അരക്ക് താഴെ ചലന ശേഷിയില്ലാത്ത സുമയെ ശാരീരിക അവശതകളൊന്നുമില്ലാത്ത അനിൽ എന്തുകൊണ്ട് ജീവിത സഖിയാക്കി? ‘സഹതാപം കൊണ്ടല്ല, മറിച്ച് ജീവിതത്തോട് സുമ പുലർത്തുന്ന സമീപനമാണ് തന്നെ ആകർഷിച്ചത്’ ടൈൽസ് പണിക്കാരനായ അനിൽ പറയുന്നു. മൂന്ന് വർഷം മുമ്പ് പ്ലസ് ടു തുല്യത പരീക്ഷയുടെ പരിശീലന ക്ലാസിലാണ് ആദ്യമായി സുമയെ കാണുന്നത്. ഭിന്ന ശേഷിക്കാർക്ക് ഓടിക്കാവുന്ന വാഹനത്തിലാണ് സുമ ക്ലാസിൽ വന്നിരുന്നത്. സുമ കൊമേഴ്സും അനിൽ ഹുമാനിറ്റീസുമായിരുന്നു വിഷയങ്ങൾ. പഠനത്തോടൊപ്പം ഇവരുടെ സൗഹൃദവും ദൃഢതയാർജ്ജിച്ചു. ബന്ധുക്കളിൽ ചിലർ ആദ്യം തടസങ്ങൾ ഉന്നയിച്ചെങ്കിലും അനിലിൻറെ തീരുമാനത്തിൻറെ ഉറപ്പ് ബോധ്യപ്പെട്ടതോടെ എതിർപ്പുകൾ അലിഞ്ഞില്ലാതായി. ഭിന്നശേഷിക്കാർക്കായി കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച വൈവാഹിക സംഗമത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. ഇരുകൂട്ടരുടെയും ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. അനിൽ കൈകളിൽ കോരിയെടുത്താണ് സുമയെ വിവാഹ നിശ്ചയവേദിയിലേക്ക് കൊണ്ടുവന്നത്. കരുണ ഫൗണ്ടേഷനാണ് ഇവരുടെ വിവാഹ ചടങ്ങുകളെല്ലാം നടത്തുന്നത്. ഇവർക്ക് പുറമെ 12 പേരുടെ വിവാഹം കൂടി ടൗൺ ഹാളിൽ നടന്നു. 2010 മുതൽ കരുണ ഫൗണ്ടേഷൻ നടത്തി വരുന്ന ഭിന്ന ശേഷിക്കാരുടെ വൈവാഹിക സംഗമം വഴി 400ൽ അധികം വിവാഹങ്ങൾ നടന്നിട്ടുണ്ട്. സമൂഹ വിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് വസ്ത്രം, സ്വർണ്ണം എന്നിവ കരുണ സമ്മാനിക്കുന്നുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ്, സെക്രട്ടറി രവി ചങ്കത്ത് എന്നിവർ പറഞ്ഞു.