ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമൊവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി. മൂന്നാംകല്ല്-അഞ്ചങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുളള റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുക, മുല്ലത്തറ- മാട് റോഡ് ബിറ്റുമിന്‍ ഉപയോഗിച്ച് റീടാറിങ്ങ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയത്. റോഡുകളുടെ നിര്‍മ്മാണജോലി വൈകുന്നതിന് കാരണം സ്ഥലം എം.എല്‍.എ.യുടെ വേണ്ട സമയത്തുളള ഇടപെടലുകളുടെ കുറവുകൊണ്ടാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിന്റെ അവസാനത്തിലാണ് അഞ്ചങ്ങാടി, ബ്ലാങ്ങാട്, മുല്ലത്തറ റോഡ് സംരക്ഷണ ഭിത്തിയോടെ ബി.എം.സി ഉപയോഗിച്ച് ടാറിങ്ങ് ചെയ്യുവാന്‍ ഫണ്ടനുവദിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും റോഡിന്റെ വര്‍ക്കുകളുടെ ടെണ്ടറായിട്ടില്ല. അഞ്ചങ്ങാടി അഴിമുഖം റോഡ് ടെണ്ടര്‍ ആയെങ്കിലും ജോലി തുടങ്ങുതിനുള്ള നടപടികള്‍ ഇതുവരെയും അധികാരികള്‍ കൈകൊണ്ടിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മൂന്നാം കല്ല് അഞ്ചങ്ങാടി റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. നാഷണല്‍ ഹൈവേ പൊളിഞ്ഞു കിടക്കുന്നതിനാല്‍ ഹെവി വാഹനങ്ങളെല്ലാം കടപ്പുറം വഴിയാണു പോകുന്നത്, ഇത് റോഡിന്റെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ കാരണമാകുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. റോഡുകളുടെ പണികള്‍ വൈകിപ്പിക്കുതില്‍ കടപ്പുറത്തോടുളള രാഷ്ട്രീയ വിരോധമാണ് വ്യക്തമാകുന്നതെന്നും യൂത്ത് ലീഗ് കൂട്ടിച്ചേര്‍ത്തു. നടപടികളുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തു വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം മനാഫ്, യൂത്ത് ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി ടി.ആര്‍. ഇബ്രാഹിം, മണ്ഡലം ട്ടപി.എച്ച്. തൗഫീഖ്, പഞ്ചായത്ത് ഭാരവാഹികളായ പി.എ. അഷ്ഖറലി, കെ.എം താജുദ്ധീന്‍, കെ.എം.സി.സി നേതാവ് ഫൈസല്‍ കടവില്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.