ചാവക്കാട് :   മൂന്നുകിലോയിലേറെ കഞ്ചാവുമായി ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ പുത്തൂര്‍ വടക്കന്‍ ഡേവിസി (ഡേവിഡ് -43)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ. എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒന്നരലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ സേലത്തുനിന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ഗുരുവായൂരിലെത്തിയ പ്രതിയെക്കുറിച്ച് എസ്.പി. യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഗുരുവായൂരില്‍നിന്ന് സ്വകാര്യബസില്‍ ചാവക്കാട് സ്റ്റാന്‍ഡിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. 2016-ല്‍ ബെംഗളൂരുവില്‍ മലപ്പുറം സ്വദേശിയുടെ തലയ്ക്കടിച്ച് നാലുകോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം, ഒല്ലൂര്‍, പീച്ചി സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കഞ്ചാവുകേസുണ്ട്. എ.എസ്.ഐ.മാരായ അനില്‍മാത്യു, സാബുരാജ്, സി.പി.ഒ. ശ്രീനാഥ്, ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിലെ അംഗങ്ങളും സീനിയര്‍ സി.പി.ഒ.മാരുമായ രാകേഷ്, സുദേവ് എന്നിവരും സംഘത്തിലുണ്ടായി.