ചാവക്കാട്: പാലയൂരില്‍ വീട്ടമ്മക്ക് ഗുണ്ടാസംഘത്തിന്‍റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂര്‍ സ്വദേശിയും ചാവക്കാട് ബാറിലെ അഭിഭാഷകനുമായ ടി.എസ് അജിത്(50), പാലയൂര്‍ തളിയില്‍ നാരായണന്‍(60), പാലയൂര്‍ പി.കെ.പ്രസാദ്(58) എന്നിവര്‍ക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. പിതാവ് പലിശക്ക് വാങ്ങിയ പണം തിരിച്ച് നല്‍കിയില്ലെന്നാരോപിച്ച് പറമ്പില്‍   അതിക്രമിച്ച് കയറി മതില്‍ കെട്ടുന്നത് തടയാന്‍ ശ്രമിക്കുതിനിടെയാണ് വീട്ടമ്മക്ക് ഗുണ്ടാസംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്.
പാലയൂര്‍ തളിയില്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം തളിയില്‍ പരേതനായ സുഭാഷ്ച ന്ദ്രബോസിന്റെ മകള്‍ നിഷ(34)ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. നിഷയുടെ പിതാവ് ചന്ദ്രബോസ് ഒര വര്‍ഷം മുമ്പാണ് മരിച്ചത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് പണം വാങ്ങിയതെന്നു പറയുന്നു. എന്നാല്‍ അച്ഛന്‍ എത്ര തുകയാണ് വാങ്ങിയതെന്ന് ഇവരുടെ അമ്മ ഉഷക്കോ മക്കള്‍ക്കോ അറിയില്ല.
നിഷ ഭര്‍ത്താവിന്‍റെ വീട്ടിലാണ് താമസം. അമ്മ ഉഷ സഹോദരിയോടൊപ്പം വിദേശത്താണ്. ഇതിനാല്‍ വീട് അടച്ചിട്ടിരിക്കുകയാണ്. അനധികൃതമായി രാത്രിയില്‍ മതില്‍ കെട്ടുന്നതറിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും വന്നതാണ് നിഷ. വിവരമറിഞ്ഞെത്തിയ ചാവക്കാട് പോലീസ് മതില്‍ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചിരുന്നു.