ചാവക്കാട് : വട്ടേക്കാട് വീടുകയറി അക്രമം സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ പുതുവീട്ടില്‍ മുഹമ്മദ് കുട്ടി ഭാര്യ പരീച്ചു(45), മകന്‍ അഫ്‌സല്‍ (26), അയല്‍ വാസിയായ വലിയകത്ത് ഗഫൂര്‍ ഭാര്യ താഹിറ (49), മകന്‍ ജാസിര്‍ (26) എന്നിവരെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഓട്ടോറിക്ഷയിലും, രണ്ടു ബൈക്കുകളിലുമായി എത്തിയ സംഘം മുഹമ്മദ്കുട്ടിയുടെ വീട്ടില്‍ കയറി ആക്രമിച്ചത്.
മുഹമ്മദ്കുട്ടിയുടെ മകന്‍ അഫ്‌സലും, അയല്‍വാസിയായ ജാസിറും വീടിനു മുന്‍വശത്ത് സംസാരിച്ചിരിക്കെ ഒരു പ്രകോപനവും കൂടാതെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അഫ്‌സലിന്റെ മാതാവ് പരീച്ചുവിനെയും സംഘം അക്രമിച്ചു. മകനെ അക്രമിക്കുത് കണ്ടാണ് അയല്‍വാസിയായ ജാസിറിന്റെ മാതാവ് താഹിറ ഓടിയെത്തിയത്. അക്രമി സംഘം ഇവരെയും വെറുതെ വിട്ടില്ല. ബഹളം കേട്ട് അയല്‍വാസികളായ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെ സംഘം വാഹനങ്ങളെടുത്ത് സ്ഥലം വിട്ടു.
സംഭവമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പരിക്കേറ്റവരെ ആശുപതിയില്‍ കൊണ്ടുപോയിരുന്നു. ഒരുമനയൂര്‍ ടോള്‍ പരിസരത്തുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. വട്ടേക്കാട് നേര്‍ച്ചയില്‍ കാഴ്ച പോകുതിനിടയിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയ സംഭവവുംമായി ബന്ധപ്പെട്ട് അഫ്‌സലും, ജാസിറും ഉള്‍പ്പെടെയുള്ള യുവാക്കള്‍ ടോള്‍പരിസരത്തെ ഒരുയുവാവുമായി വാക്കു തര്‍ക്കം നടന്നിരുന്നയതായി പറയുന്നു. ഇയാളുടെ നേതൃത്വത്തിലാണ് വീടുകയറി അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പോലീസിനോടു പറഞ്ഞു.
അതെ സമയം വ്യാഴാഴ്ച പുലര്‍ച്ച പരിക്കേറ്റു കിടക്കുന്നവര്‍ തങ്ങളെ സംഘംചേര്‍ന്നു മര്‍ദ്ധിച്ചെുപറഞ്ഞ് രണ്ടു സ്ത്രീകളും താലൂക്കാശുപത്രിയില്‍ കഴിയുതായി വിവരമുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികളെടുക്കുമെന്നു പോലീസ് പറഞ്ഞു.