തൃപ്രയാർ: സാമൂഹ്യ സേവന രംഗത്ത് എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന വലിയ പിന്തുണയാണ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്ത വിധം വളരുന്നതിനിടയാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. നാട്ടിക പഞ്ചായത്തില്‍ ബൈത്തുരഹ്മ പദ്ധതിയില്‍ വീട് നിര്‍മിക്കുന്നതിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൈതുറഹ്മ പദ്ധതിയിൽ 8000 ത്തിലധികം വീടുകൾ മുസ്ലിം ലീഗ് ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. സ്ഥലം കണ്ടെത്തുന്നതിനും വീട് നിർമ്മാണത്തിനും ജാതി മത ഭേദമന്യേ എല്ലാവരും മുസ്ലിം ലീഗിന് പിന്തുണ നൽകുകയാണ്. ഈ ജനകീയ മുഖം മസ്ലിം ലീഗ് രാഷ്ടീയത്തിന്റെ പൊതു സ്വീകാര്യതയാണ് വെളിവാക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകളെടുക്കുമ്പോഴും മാനുഷിക പരിഗണന അർഹിക്കുന്ന വിഷയങ്ങളിൽ ലീഗ് ഒരു വിവേചനവും കാണിക്കാറില്ല. ശിഹാബ് തങ്ങളെ പോലുള്ള മഹാരഥന്മാരായ നേതാക്കൾ കാണിച്ചുതന്ന പ്രവർത്തന പാതയാണതെന്ന് മജീദ് കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ റഷീദ്‌ അദ്ധ്യ്ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.എ ഹാറൂൺ റഷീദ്‌, സെക്രട്ടറി എം.എ റഷീദ്‌, നിയോജക മണ്ടലം ജനറൽ സെക്രട്ടറി കെ.എ ഷൗഖത്തലി, നാട്ടിക പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. വിനു, മെമ്പർ കെ.വി സുകുമാരൻ, നാട്ടിക ഖത്തീബ്‌ സി.എ സിദ്ദീഖ്‌ ബാഖവി, കെ.എഖാലിദ്‌, പി.എ നിയാസ്‌, കെ.എ കബീർ, കെ.എ റഷീദ്‌, പി.എം മുഹമ്മദലിഹാജി, പി.എച്ച്‌ മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.