ഗുരുവായൂര്‍: ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, ഗുരുവായൂരിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാര്യയോഗ്യമാക്കുക തുടങ്ങീ വിഷയങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ദേവസ്വം മെഡിക്കല്‍ സെന്റര്‍ സൂപ്പര്‍സ്‌പെഷ്വാലിറ്റി ആശുപത്രിയായി ഉയര്‍ത്തുക, ദേവസ്വം ശൗച്യലായങ്ങള്‍ സൗജന്യമാക്കുക തുടങ്ങീ കാര്യങ്ങളും ഇവര്‍ ആവശ്യപ്പെട്ടു. കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മഹാരാജ ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിന്നോക്കജാതി വിഭാഗത്തിന്റെ സഹായത്തോടെ അധികാരത്തിലേറിയിട്ടുള്ള ഇടതുവലത് മുന്നണികള്‍ അവരെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് രാജന്‍ തറയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജയ്‌നെല്ലിക്കോട്, ആര്‍.എസ്.മണിയന്‍, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം.ഗോപിനാഥ്, ദയാനന്ദന്‍ മാമ്പുള്ളി, ടി.ആര്‍.സതീശന്‍, എന്‍.ആര്‍.പ്രദീപ്കുമാര്‍, ഗിരീഷ് കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.