ചാവക്കാട് : ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പട്ടാമ്പി മുതുതല മുളക്കൽ വീരാവു മകൻ മുഹമ്മദി (58) നെയാണ് ചാവക്കാട് സി ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. മാതാവിന് മന്ത്രവാദ ചികിത്സനടത്താന്‍ എടക്കഴിയൂരിലെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പത്ത് തവണ പെൺകുട്ടിയുടെ വീട്ടിൽ മന്ത്ര വാദ ചികിത്സയുടെ പേരില്‍ പ്രതി താമസിച്ചിട്ടുണ്ട്. വരോട്, മമ്പറം ബാപ്പ എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ മന്ത്ര വാദ ചികിത്സക്ക് പോകാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽ പെട്ട സ്‌കൂൾ അദ്ധ്യാപിക ചാവക്കാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വരവൂരിലെ ഒരു പള്ളിയിൽ വച്ച് പെൺകുട്ടിയുടെ മാതൃ സഹോദരിയാണ് മുഹമ്മദിനെ പരിചയപ്പെട്ട് സഹോദരിയുടെ അസുഖം മാറ്റാൻ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത്. പിതാവ് മരണ പെട്ട് വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വീട്ടിലെത്തിയ മുഹമ്മദ് ചെറിയ സാമ്പത്തിക സഹായം നൽകി വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നു. മാതാവിന് മന്ത്രവാദ ചികിത്സ നടത്തുമ്പോൾ മുറിയിലേക്ക് ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
വ്യാജ സിദ്ധനെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ : ആരോടും യഥാർത്ഥ പേരും സ്ഥലവും ഇയാള്‍ പറഞ്ഞു കൊടുക്കാറില്ല. മൊബൈൽ സിം കാർഡ് ഇടക്കിടക്ക് മാറ്റുകയും ചെയ്യും. രണ്ട് വിവാഹത്തിൽ നിന്നായി പതിനാല് കുട്ടികളുടെ പിതാവാണ് മുഹമ്മദ്. വിരലുകളിൽ വലിയ കല്ലുവച്ച മോതിരം ധരിച്ചു നടക്കുന്ന മുഹമ്മദ് അനുയായികള്‍ അതിൽ മുത്തം വെക്കാറുണ്ട്. സമ്പന്ന വീടുകളിൽ നിന്നും മന്ത്ര വാദ ചികിത്സയുടെ മറവിൽ പണം തട്ടാറുണ്ടത്രെ. മുഹമ്മദിന്റെ ഫോണിൽ അനവധി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. വിദ്യാഭ്യാസ പരമായും ,സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന നിരവധി വീടുകളിൽ ഇത്തരം മന്ത്ര വാദ ചികിത്സകർ എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാനും കഴിയാറില്ലെന്ന് പോലീസ് പോലീസ് പറയുന്നു.
എസ് ഐ മാധവൻ, എ എസ്‌ ഐ അനിൽ മാത്യു, സി പി ഓ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പട്ടാമ്പിയിലെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പും ബലാൽസംഘ കേസുമാണ് ചുമത്തിയിട്ടുള്ളത്.

ഫോട്ടോ : അറസ്റ്റിലായ വ്യാജ സിദ്ധന്‍ മുഹമ്മദ്‌ വിവധ വേഷങ്ങളില്‍