ഗുരുവായൂര്‍ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന ധര്‍ണ്ണ ബി.എം.എസ് ജില്ല ജോയിന്റ് സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. മേഖല ജോയിന്റ് സെക്രട്ടറി സുനില്‍ ഓടാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എ ജയതിലകന്‍, ബാബു ഇരട്ടപ്പുഴ, വി.എസ് പ്രകാശന്‍, കെ.ടി മുഹമ്മദ് യൂനസ്, കെ.എസ് ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുതിന് വര്‍ഷങ്ങളായി അനുവദിച്ച പെര്‍മിറ്റ് റദ്ദു ചെയ്യാനുള്ള നഗരസഭ ചെയര്‍പേഴ്‌സന്റെ തീരുമാനം പിന്‍വലിക്കുക, ശബരിമല സീസണ് മുമ്പായി ക്ഷേത്രനഗരിയിലെ റോഡുകള്‍ ടാര്‍ ചെയ്ത് സഞ്ചാര്യ യോഗ്യമാക്കുക, ഓട്ടോതൊഴിലാളികളെ പീഡിപ്പിക്കുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.