പുന്നയൂർക്കുളം : കഴിഞ്ഞ ദിവസം മിന്നൽ ചുഴലിയിൽ ചെമ്മണ്ണൂർ പാടത്ത് മറിഞ്ഞു വീണ വൈദ്യുതി ടവറിന്റെ അറ്റകുറ്റ പണിക്കെത്തിയ കെ എസ് ഇ ബി എഞ്ചിനീയർ വള്ളം മറിഞ്ഞു മരിച്ചു.
തൃശൂർ മൂർക്കനിക്കര കിഴക്കേടത്ത് അപ്പു മകൻ ബൈജു(38)വാണ് മരിച്ചത്. വിയൂർ ലൈൻ മെയിന്റനൻസ് സെക്ഷൻ അസി. എഞ്ചിനീയറാണ് ഇദ്ദേഹം.
ടവർ നിന്നിരുന്നിടത്തേക്ക് സാധന സാമഗ്രികൾ എത്തിച്ചിരുന്നതും ജീവനക്കാർ പോയിരുന്നതും വഞ്ചിയിലായിരുന്നു.
കുന്നംകുളത്ത് നിന്നു ഉപ്പുങ്ങല്‍ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന ചമ്മന്നൂര്‍ ചുള്ളിക്കാന്‍ കുന്നിനു സമീപത്തെ 110 കെവി ലൈന്‍ ടവര്‍ ചൊവ്വാഴ്ച രാത്രി വീശിയ ചുഴലി കാറ്റില്‍ ഇരുമ്പ് ദണ്ഡുകള്‍ വളഞ്ഞ് നിലംപൊത്തുകയായിരുന്നു.
ആലപ്പുഴയിൽ നിന്നും വിദഗ്ദ്ധരായ ജീവനക്കാർ എത്തി താതാത്കാലിക ടവർ സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തിരക്കിട്ട ജോലിയിലായിരുന്നു ജീവനക്കാർ.
കരയിൽ നിന്നും 700 മീറ്റർ ദൂരെ അറ്റകുറ്റപണികൾ നടക്കുന്നിടത്തേക്ക് പോകുമ്പോഴാണ് അപകടം. രണ്ടാൾ താഴ്ചയിൽ വെള്ളമുള്ള പാടത്തിലൂടെ നാട്ടുകാരായ രണ്ടു പേരോടൊപ്പമാണ് ബൈജു വർക്ക് സൈറ്റിലേക്കു പുറപ്പെട്ടത്. എന്നാൽ പകുതി ദൂരം പിന്നിടുമ്പോഴേക്കും വഞ്ചി മറിയുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ നീന്തി വരമ്പിൽ കയറി രക്ഷപ്പെട്ടു മറ്റൊരാൾ മറിഞ്ഞ വഞ്ചിയിൽ പിടിച്ചു കിടന്നും രക്ഷപ്പെട്ടു. നീന്തലറിയാത്ത ബൈജു വെള്ളത്തിൽ താണുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഇരുപതു മിനിട്ടുകൾക്ക് ശേഷം ബൈജുവിനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബൈജു വിവാഹിതനാണ്. പത്തു വയസ്സുള്ള മകളുണ്ട്.