Header

ഗുരുവായൂരില്‍ ബസ്സുകള്‍ റുട്ട് തെറ്റിച്ച് ഓടിക്കുന്നു: ദീര്‍ഘദൂര ബസ്സിന് പോലീസ് പിഴയിട്ടു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബസ്സുകള്‍ റൂട്ട് മാറി ഓടുന്നത് പതിവാകുന്നു. റോഡ് തകര്‍ന്നതിന്റെ പേരില്‍ പടിഞ്ഞാറെനട ഒഴിവാക്കിയാണ് ഇപ്പോള്‍ പല ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. ഗുരുവായൂര്‍ അഴുക്കുചാല്‍ നിര്‍മ്മാണം ആരംഭിച്ചതിനു ശേഷമാണ് റൂട്ട് മാറ്റി ബസ് ഓടിക്കുന്ന പ്രവണത വര്‍ദ്ധിച്ചത്. എറണാകുളം ഭാഗത്തേക്കുള്ള പല ബസ്സുകളും പഞ്ചാരമുക്ക് വഴി സര്‍വ്വീസ് നടത്തുമ്പോള്‍, കോഴിക്കോട്, പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ പടിഞ്ഞാറെനടയില്‍ പോകാതെ കിഴക്കേനട-വടക്കേ ഔട്ടര്‍ റിംങ് റോഡ് വഴി കടന്നു പോകുന്നു. ഈ ഭാഗത്തേക്കുള്ള ചില ബസ്സുകള്‍ മമ്മിയൂര്‍ ജംങ്ഷനില്‍ പോകാതെ  ചൂണ്ടല്‍-കുന്നംകുളം വഴി സര്‍വ്വീസ് നടത്തുണ്ട്. പടിഞ്ഞാറെനട ഒഴിവാക്കി സര്‍വ്വീസ് നടത്തുന്നതിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉണ്ടാകുന്നത്. രാത്രികാലങ്ങളില്‍ പോലും സ്ത്രീകളേയും കുട്ടികളേയും പടിഞ്ഞാറെനടയില്‍ ഇറക്കാതെ പലഭാഗത്തും ഇറക്കിവിടുന്നതായി പരാതിയുണ്ട്. ഇപ്പോള്‍ അഴുക്കുചാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെങ്കിലും തഹാനി ജംങ്ഷന്‍ – പടിഞ്ഞാറെനട വഴി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡും, പടിഞ്ഞാറെനട മുതല്‍ കമ്പിപ്പാലം വരെയുള്ള റോഡും ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്. റോഡ് മോശമായതാണ് ബസ്സുകള്‍ റുട്ട് തെറ്റി ഓടിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പരിശോധനയില്‍ പോലീസ് റൂട്ട് തെറ്റിയോടിച്ച താജ്മഹല്‍ എന്ന ബസിന് പിഴയടച്ചതോടെ ബസുകാരില്‍ ഭയം വര്‍ദ്ധിച്ചിട്ടുണ്ട്.

thahani steels

Comments are closed.