ചാവക്കാട്: റവന്യൂവകുപ്പ് നടത്തിയ സര്‍വേയില്‍ കനോലി കനാലില്‍ കണ്ടെത്തിയത് 257 കൈയേറ്റങ്ങള്‍. താലൂക്കിലെ 11 വില്ലേജുകളിലായി 5.013 ഹെക്ടറാണ് കൈയേറിയത്.
അടുത്തിടെ പുറമ്പോക്കു ഭൂമി കണ്ടെത്താനായി റവന്യൂവകുപ്പ് നടത്തിയ സര്‍വേയിലാണ് കനോലി കനാലിലെ വ്യാപകമായ കൈയേറ്റം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ഏങ്ങണ്ടിയൂര്‍ വില്ലേജിലാണ്. ഇവിടെ 36 കൈയേറ്റങ്ങളിലായി 2.35 ഹെക്ടറാണ് നഷ്ടപ്പെട്ടത്. നാട്ടിക വില്ലേജില്‍ 62 ഇടത്തായി ഒരു ഹെക്ടറാണ് കൈയേറിയത്. കൈയേറ്റത്തില്‍ മൂന്നാംസ്ഥാനം ഒരുമനയൂര്‍ വില്ലേജിനാണ്. 36 ഇടങ്ങളിലായി 0.4667 ഹെക്ടറാണ് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയത്. താലൂക്കില്‍ കനോലി കനാല്‍ കടന്നുപോകുന്ന 11 വില്ലേജുകളിലും വ്യാപകമായ കൈയേറ്റം നടന്നിട്ടുണ്ട്. എന്നാല്‍, ഇതിനെതിരേ ഒരു നടപടിയും എടുക്കാന്‍ റവന്യൂ വകുപ്പിനോ ഇറിഗേഷന്‍ വകുപ്പിനോ കഴിഞ്ഞിട്ടില്ല. കൈയേറിയ ഭാഗം വേര്‍തിരിച്ചു കാണിക്കുന്ന വിധം സൂചനാബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയോ കൈയേറിയവര്‍ക്കെതിരേ നോട്ടീസു നല്‍കുകയോ ചെയ്തിട്ടില്ല. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പും ജലസേചനവകുപ്പും സംയുക്തമായി ഒരു പരിശോധന നടത്തിയാല്‍ കനോലി കനാലിന്റെ അതിരുകള്‍ കൃത്യമായി കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നു.കനോലി കനാലിന്റെ അതിരുകള്‍ വേര്‍തിരിച്ച് കല്ലിടാന്‍ റവന്യുവകുപ്പില്‍നിന്ന് സര്‍വേയറുടെ സേവനം ആവശ്യമാണെന്നും ഇവര്‍ പറയുന്നു. കൈയേറ്റവും മലിനീകരണവും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കനോലികനാലിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, ഇതിനുവേണ്ട കൂട്ടായ പ്രവര്‍ത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ദേശീയ ജലപാതയ്ക്കുവേണ്ടി കേരള ഇന്‍ലാന്‍ഡ് വാട്ടര്‍വേ അതോറിറ്റി ഓഫ് ഇന്ത്യ പോലെയുള്ള ഏജന്‍സികള്‍ കനോലികനാലില്‍ പഠനം നടത്തുന്നുണ്ട്.