ചാവക്കാട്: നഗരസഭ മാര്‍ക്കറ്റില്‍ ന്ന് ആഴ്ചകളുടെ പഴക്കമുള്ള പുഴുവരിച്ച കോഴിയിറച്ചി നഗരസഭആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റിലെ കോഴി, കാട ഇറച്ചിക്കടയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയിലുള്ള ഒരു ഹോട്ടലിലേക്ക് ഈ കടയില്‍ നിന്ന് ബൂധനാഴ്ച 10 കിലോ കോഴിയിറച്ചി വാങ്ങിയിരുന്നു. കോഴിയിറച്ചി നല്‍കുമ്പോള്‍ എത്രയും വേഗം ഫ്രീസറിലേക്ക് മാറ്റണമെന്ന് കോഴിക്കടയിലെ ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇറച്ചി പരിശോധിച്ചപ്പോഴാണ് ഇറച്ചിയില്‍ പുഴുവരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു ഹോട്ടല്‍ ഉടമസ്ഥന്‍ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആഴ്ചയിലേറെ പഴക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത 50 കിലോയോളം കോഴിയിറച്ചി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വഞ്ചിക്കടവിലെ ആര്‍.എച്ച് നൗഷാദിന്‍്റെ പേരില്‍ നഗരസഭാ ലൈസന്‍സുള്ള ഇറച്ചിക്കടയില്‍ നിന്നാണ് പഴകിയതും പുഴു അരിക്കുന്നതുമായ 50 കി.ലോ ഇറച്ചി ആരോഗ്യ വിഭാഗം പിടികൂടിയത്. കടയുടമ നൗഷാദാണെങ്കിലും ഇപ്പോള്‍ ഇവിടെ വ്യാപാരം നടത്തുന്നത് ലോറന്‍സ് എന്നയാളാണ്. കോഴി അറുത്ത് ഇറച്ചി വ്യാപാരത്തിനാണ് ഇവര്‍ക്ക് നഗരസഭാ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ കടയില്‍ ഫ്രീസര്‍ വെച്ചാണ് ദിവസങ്ങള്‍ പഴകിയി ഇറച്ചി ഇവര്‍ വ്യാപാരം നടത്തുന്നത്. പിടികൂടിയ ഇറച്ചിയില്‍ ബ്ളീച്ചിങ് പൗഡറിട്ട ശേഷം നശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഫ്രീസറില്‍ സൂക്ഷിച്ച ഇറച്ച വില്‍ക്കരുതെന്നും കട വൃത്തിയാക്കിയാക്കിയ ശേഷം അറിയിക്കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇത് സംബന്ധിച്ച് നോട്ടീസും നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സെപ്ക്ടര്‍ മന്‍സൂര്‍ കാരോട്ടുചാലില്‍ പറഞ്ഞു.
മുമ്പ് എറന്നാകുളം കലൂര്‍ മാര്‍ക്കറ്റില്‍ പഴകിയ കോഴിയിറച്ചി വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരമറിഞ്ഞത്തെിയ പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചാവക്കാട്ട് ഇപ്പോള്‍ ദിവസങ്ങള്‍ പഴകിയ ഇറച്ചി കയ്യോടെ പിടികൂടിയിട്ടും അധികൃതരെടുത്ത നടപടി പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മേഖലയില്‍ ഇത്തരം ഇറച്ചി വിതരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍ സി യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗുരുവായൂരിലേയും ചാവക്കാട്ടേയും ഹോട്ടലുകളിലേക്കും കാറ്ററിങ് സ്ഥാപനങ്ങളിലേക്കും പ്രധാനമായും ഇറച്ചി എത്തിക്കുന്നത് ഈ കടയില്‍ നിന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.