ചാവക്കാട് : പ്രചര ചാവക്കാടിന്റെ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പെരുമ്പറ മുഴങ്ങി. ഉല്‍ഘാടനവും സൌഹൃദ മത്സരവും നാളെ.
ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന് നാളെ ശനിയാഴ്ച തുടക്കമാകും. ചാവക്കാട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങില്‍ വെച്ച് ടൂര്‍ണമെന്റിന്റെ ഉല്‍ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.
കെ വി അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷതവഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രത്യേകം സജ്ജീകരിച്ച സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 40 രൂപയാണ് ടിക്കറ്റിന്റെ വില. സീസണ്‍ ടിക്കറ്റിന് 500 രൂപ. ഫ്‌ളഡ് ലൈറ്റിലാണ് കളി നടക്കുക. സംസ്ഥാനത്തെ 16 പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 30 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചാവക്കാടിന്റെ ഫുട്ബോള്‍ സംസ്കൃതിയെ വീണ്ടെടുക്കുക, കായികമേഖലയില്‍ സജീവ ഇടപെടലുകള്‍ നടത്തി പ്രതിഭകളെ വാര്‍ത്തെടുക്കുക, സ്ഥിരം പരിശീലന കേന്ദ്രം സ്ഥാപിക്കുക, കലാ സാംസ്കാരിക സേവന മേഖലയില്‍ മതേതര കൂട്ടായ്മ സ്ഥാപിക്കുക തുടങ്ങിയ പരിശ്രമത്തിന്റെ ആരംഭമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്നു ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എച്ച് അക്ബര്‍, കെ വി അബ്ദുള്‍ ഹമീദ്, പി എം അബ്ദുള്‍ ജാഫര്‍, പി കെ അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.