പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നെന്നാരോപിച്ച് യാചകനായ വൃദ്ധനെ പൊന്നാനിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊന്നാനി നഴ്‌സിങ് ഹോമിനടുത്ത് വ്യാഴാഴ്ച പത്തുമണിയോടെയാണ് സംഭവം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ട് ചവിട്ടുകയും നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയുംചെയ്തു. ആന്ധ്ര സ്വദേശിയാണ് ഇയാള്‍. ഇയാളില്‍നിന്ന് ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് ആളുകളെ തുരത്തിയത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആസ്പത്രിയിലെത്തിച്ചു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴിന് മരക്കടവില്‍ ഭിക്ഷയാചിച്ച ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം.

വ്യാഴാഴ്ച രാവിലെ പൊന്നാനി ബീച്ചിലെത്തിയ അച്ഛനെയും മകനെയും ചിലര്‍ മര്‍ദിച്ചിരുന്നു. ഇവര്‍ പെരുമ്പടപ്പ് സ്വദേശികളാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഇതുവരെ പൊന്നാനി സര്‍ക്കിള്‍ ഓഫീസിന്റെ കീഴില്‍വരുന്ന സ്റ്റേഷനുകളിലൊന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സി.ഐ സണ്ണി ചാക്കോ പറഞ്ഞു.