ഗുരുവായൂർ : ചൂൽപ്പുറത്ത് പോലീസ് അകമ്പടിയോടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പോലീസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം 11 പേർക്ക് പരിക്കേറ്റു. വാർഡ് കൗൺസിലറടക്കമുള്ള പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൂൽപ്പുറം സ്വദേശികളായ കൊട്ടരപ്പാട്ട് രാജൻ, ഭാര്യ ഭാർഗവി, മക്കളായ രാജേഷ്, സന്തോഷ്, ചക്കരാത്ത് നളിനി, വല്ലാശ്ശേരി ശ്രീമതി, വലിയകത്ത് ഖദീജ, മങ്കേടത്ത് ഹനീഫ, വാലിപറമ്പിൽ സജിത്ത്, അമ്പലത്ത് വീട്ടിൽ കബീർഷ, തെരുവത്ത് വീട്ടിൽ ഷിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയാണ് പോലീസ് അകമ്പടിയിൽ മാലിന്യവുമായി അഞ്ച് ട്രക്ടറുകൾ എത്തിയത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വാഹനങ്ങൾ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് കടത്തി വിടാനായില്ല. എ.സി.പി. പി.എ. ശിവദാസന്റെ നേതൃത്വത്തിൽ നൂറോളം പോലീസുകാരെത്തി നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റാൻ തുടങ്ങി. ഇതോടെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരാഹാരം കിടക്കുന്ന രണ്ട് പേർ ട്രഞ്ചിംഗ് ഗ്രൗണ്ട് കവാടത്തിന് മുന്നിൽ കിടന്നു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തോളം നാട്ടുകാരും കവാടത്തിന് മുന്നിൽ കിടന്നു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ മാറ്റാൻ ശ്രമിച്ചതോടെ നാട്ടുകാരിലൊരാൾ ദേഹത്ത് പട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്ത്രീകളുൾപ്പെടെയുള്ള മറ്റു ചിലർ പട്രോൾ ഒഴിക്കാൻ തുടങ്ങിയതോടെ പോലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്യുകയായിരുന്നു. തീ കത്തിക്കാനുള്ള ശ്രമം പോലീസ് തന്ത്രപൂർവ്വം തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തുടർന്ന് വാർഡ് കൗൺസിലർ എ.ടി.ഹംസ ഉൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അറസ്റ്റിലായ മൂന്ന് പേർക്ക് പരിക്കുണ്ട്. ഇവരെ പോലീസ് കാവലിലാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംസ്‌കരിക്കാൻ കഴിയുന്ന വേർ തിരിച്ച മാലിന്യങ്ങൾ ട്രഞ്ചിംഗ് ഗ്രൗണ്ടി്ൽ നിക്ഷേപിക്കാൻ, കഴിഞ്ഞ ദിവസം നഗരസഭയിൽ നടന്ന സർവ്വ കക്ഷിയോഗത്തിൽ തീരുമാനിച്ചിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇന്നലെ മാലിന്യം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് അതിരാവിലെ മാലിന്യവുമായെത്തിയത്. വിവരം അറിഞ്ഞ് പ്രദേശവാസികളായ നൂറിലധികം പേർ സ്ഥലത്ത് സംഘടിക്കുകയായിരുന്നു. പോലീസ് ഉന്തും തള്ളിലുമാണ് സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റത്. നെഞ്ചിനേറ്റ പ്രഹരത്തെ തുടർന്ന് 66 കാരനായ രാജൻ സംഭവ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഫോട്ടോ : ചൂൽപുറം ട്രഞ്ചിങ് ഗ്രൗണ്ട് വിഷയത്തിൽ പോലീസ് അതിക്രമത്തിൽ പരിക്കുപറ്റി ആശുപത്രിയിലുള്ളവർ