ചാവക്കാട് : ആറു ദിവസമായി മണത്തല പരപ്പില്‍ താഴത്ത് നിയമ വിദ്യാര്‍ഥിനി സോഫിയ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ കലക്ടര്‍ സോഫിയയുമായി  ഫോണില്‍  ബന്ധപ്പെടുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലൊന്നും നേരില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചേക്കില്ലെന്ന്‍ കലക്ടര്‍ അനുപമ സോഫിയയോട് പറഞ്ഞു. ഈ മാസം പതിനാറാം തിയതി ഒരുമണിക്ക് ചര്‍ച്ചക്കായി കളക്ട്രേറ്റിലേക്ക് സോഫിയയെയും സമരാനുഭാവികളെയും ക്ഷണിക്കുകയും ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്ന സോഫിയയോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡിസിസി  പ്രസിഡണ്ട്  ടി എന്‍ പ്രതാപന്‍ നല്‍കിയ നാരങ്ങാ നീര് കുടിച്ച് സോഫിയ നിരാഹാരം അവസാനിപ്പിച്ചു. സമരപ്പന്തല്‍ സന്തര്‍ശിക്കാനെത്തിയ ടി എന്‍ പ്രാതപന്‍റെ ഫോണിലെ സ്പീക്കര്‍ ഫോണിലൂടെയാണ് കലക്ടര്‍ സോഫിയയുമായി സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകരെകണ്ടതിനു ശേഷം പന്തലില്‍ നിന്നും ഇറങ്ങിയ അദ്ദേഹം കലക്ടറുടെ കാള്‍ വന്നതിനെതുടര്‍ന്ന് സോഫിയുടെ അടുത്ത് തിരിച്ചെത്തുകയായിരുന്നു.
നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാര്‍ക്കും മോചനം ആവശ്യപ്പെട്ടാണ് കണ്ണൂര്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ഥിനിയായ നിരാഹാര സമരം തുടങ്ങിയത്. ഗുരുവായൂര്‍ നെന്മിനി സ്വദേശിയായ സോഫിയ ജനുവരിയിലാണ് പരപ്പില്‍ താഴം സ്വദേശി മിഥുന്‍റെ ഭാര്യയായി ഇവിടെയെത്തുന്നത്. ഇവിടെനിന്നുള്ള പുഴുവരിക്കുന്ന വെള്ളം മത്തിക്കായലില്‍ ചേരുന്ന കാനയിലേക്കാണ് ഒഴുകുന്നത്. പ്രദേശത്തെ മണ്ണും ജലവും വായുവും മലിനമാക്കിയ ട്രഞ്ചിംഗ് ഗ്രൌണ്ടും പരിസരവും ജില്ലാ ഭരണാധികാരികള്‍ നേരില്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.