ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലെ ആകര്‍ഷണീയ പദ്ധതിയാണ് ചാവക്കാട് ചിക്കന്‍ ( സി സി )‍. ഇന്ക്യുബെറ്റര്‍ സംവിധാനത്തില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിരിപ്പിച്ച് വളര്‍ത്താന്‍ നല്‍കും. അവയ്ക്കുവേണ്ട തീറ്റയും മറ്റു സൌകര്യങ്ങളും ഇതോടൊപ്പം നല്‍കും. ഇറച്ചിക്ക് പാകമായ കോഴികളെ അവരില്‍ നിന്നും വിലക്കെടുത്ത് ചാവക്കാട് ചിക്കന്‍ എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. ഇതിനു വേണ്ടി സി സി ഗ്രൂപ്പുകള്‍ ഉണ്ടാക്കും. വനിതകളുടെ ഗ്രൂപ്പുകളാണ് ഇതിനു വേണ്ടി രൂപീകരിക്കുക.
കൃത്രിമ പാനീയങ്ങള്‍ക്ക് വിട. ചാവക്കാട് വിരുന്നെത്തുന്നവര്‍ക്ക് ഇനി ഇളനീര്‍ കുടിക്കാം. മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന TXD-DXT ഇനത്തില്‍പെട്ട കുറിയ ഇനം ഇളനീര്‍ തയ്യികള്‍ നഗരസഭയിലെ എല്ലാ വീടുകളിലും എത്തിക്കും. നിറയെ ഇളനീര്‍ കായ്ക്കുന്ന ഈ തെങ്ങില്‍ നിന്നും കുട്ടികള്‍ക്ക് വരെ കൈകൊണ്ട് ഇളനീര്‍ പറിക്കാം. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോഴെക്കെ കൃത്രിമ പാനീയങ്ങള്‍ക്ക് പകരം ഈ തൈകളില്‍ നിന്നും ഇളനീര്‍ പറിച്ചു നല്‍കാം എന്നാണു നഗരസഭാ ചെയര്‍മാന്‍ പദ്ധതി വിശദീകരിച്ച് കൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്കിലും മരുന്ന് വാങ്ങുന്നിടത്തുമുള്ള ക്യൂ സിസ്റ്റം അവസാനിപ്പിക്കും. ജനങ്ങള്‍ക്ക് സൌകര്യമാകുന്ന നിലയില്‍ ഈ മേഖല നവീകരിക്കും. ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം സൌജന്യമായി നല്‍കും. ഡയാലിസിസ് സെന്റര്‍ ഈ വര്‍ഷം തുറന്ന് കൊടുക്കും.