വടക്കേക്കാട് : മൂന്നാംകല്ലില്‍ ആര്‍.എസ്.എസ്.-സി.പി.എം സംഘര്‍ഷം. ഇരുവിഭാഗങ്ങളില്‍നിന്നുമായി ആറുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് കണ്ടംപുള്ളി സജിത്ത് (24), അഖില്‍ കണക്കഞ്ചേരി (22), ഞമനേങ്ങാട് വടാശ്ശേരി സജയഘോഷ് (21), കൗക്കാനപ്പെട്ടി ഷിഖില്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് നാലോടെയാണ് സംഭവം. മൂന്നാംകല്ല് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമായി ബൈക്കിലെത്തിയ സി.പി.എം. പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായതെന്ന് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയിലെ എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായിരുന്നു.