ചാവക്കാട്: കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇതേചൊല്ലി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ട് കാര്യമില്ല. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വരാന്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം അനിവിര്യമാണെന്നും അദേഹം പറഞ്ഞു.
ചാവക്കാട് കോണ്‍ഗ്രസ് നേതാവായിരുന്ന കെ എസ് ദാസന്‍ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഒരാള്‍ വന്നതുകൊണ്ടോ മറ്റൊരാള്‍ പോയതുകൊണ്ടോ യുഡിഎഫ് ശക്തിപ്പെടാനോ ദുര്‍ബലപ്പെടാനോ പോകുന്നില്ല. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങളും മത്‌സ്യതൊഴിലാളി വിഭാഗങ്ങള്‍ പോലുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. ഇവരെ കൊണ്ഗ്രസിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് നടക്കുന്ന സംഭവങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിവിധ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തെ ആശ്രയിക്കുന്നതും നമ്മള്‍ കാണുന്നു. ഇപ്പോള്‍ ഒരുകക്ഷിക്ക് രാജ്യസഭ സീറ്റ് നല്‍കിയെങ്കില്‍ അടുത്ത തവണ മറ്റൊരുകക്ഷിക്ക് നല്‍കേണ്ടി വരുമെന്നത് സ്വാഭാവികം. താന്‍ കെ പിസിസി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു സീറ്റുകളും കോണ്‍ഗ്രസിനു നേടികൊടുത്തു. സീറ്റു ചോദിച്ച ഘടകകക്ഷികളോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ സഹകരിച്ചു . അന്നത്തെ ആ നീക്കങ്ങളാണ് താന്‍ പുറത്തുപോകുന്നതിലേയക്ക് വഴിവെച്ചതെന്നും മുരളീധരന്‍ പറഞ്ഞു. ബൂത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരില്ലാതെ ജില്ലയിലും സംസ്ഥാനത്തും നേതാക്കന്‍മാരായി നടന്നതുകൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ട സ്‌പേസ് തിരിച്ചു പിടിക്കാന്‍ നല്ലതുപോലെ പ്രവര്‍ത്തിക്കണമെന്ന യാഥാര്‍ത്യം നേതാക്കളും പ്രവര്‍ത്തകരും മനസിലാക്കിയാലേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളുവെന്നും അദേഹം പറഞ്ഞു.
മണത്തല മുല്ലത്തറയില്‍ പ്രത്യേകം സജജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു. വി ബല്‍റാം, ഒ അബ്ദുറഹ്മാന്‍ കുട്ടി, സി എച്ച് റഷീദ്, പി എ മാധവന്‍, ടി വി ചന്ദ്രമോഹനന്‍, പി കെ അബൂബക്കര്‍ ഹാജി, എം വി ഹൈദരലി, എ എ അലാവുദീന്‍, പി യതീന്ദ്രദാസ്, വി വേണുഗോപാല്‍, സി ഗോപപ്രതാപന്‍, വി കെ ഫസലുല്‍ അലി, യു കെ പീതാംബരന്‍, സി അബൂബക്കര്‍, കെ നവാസ്, കെ വി ഷാനവാസ്, പി എം മുജീബ്, കെ കെ സേതുമുഹമ്മദ്, കെ കെ കാര്‍ത്ത്യായനി ടീച്ചര്‍, ആന്റോ തോമസ്, കെ ജെ ചാക്കോ, സുനില്‍ കാര്യാട്ട്, എ എസ് നളിനാക്ഷന്‍, വി ബി പവിത്രന്‍, കെ എം കാദര്‍, സി കാദര്‍, ഫൈസല്‍ ചാലില്‍, കെ എം ഷിഹാബ്, സി മുസ്താഖലി, കെ ഡി വീരമണി എന്നിവര്‍ പ്രസംഗിച്ചു.