ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുക, യഥാര്‍ത്ഥ കൊലയാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.

മണത്തല പള്ളി പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിനടുത്ത് ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി.
തുടർന്ന് നടന്ന പൊതുയോഗം കെ സുധാകരൻ എം  പി  ഉദ്ഘാടനം ചെയ്തു.
ആരാണ് കൂടുതൽ ആക്രമകാരികളെന്ന കാര്യത്തിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും ആർ.എസ്.എസും മൽസരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം ഗൂഢാലോചന നടത്തിയാണ് കണ്ണൂരിലും ചാവക്കാട്ടും കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് ക്രമസമാധാനനില താറുമാറായെന്നും പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി തന്നെ സംരക്ഷണ കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന്റെ കുടുംബത്തെ കോൺഗ്രസ് ദത്തെടുത്തു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് എന്നിവർ സംസാരിച്ചു.