ഗുരുവായൂര്‍ : റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ റോഡ് ഉപരോധിച്ചു. കോഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കൈരളി ജംഗ്ഷനിലാണ് ഉപരോധം നടത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ ഉപരോധവലയം തീര്‍ത്തതോടെ നഗരത്തിന്റെ പ്രധാനപെട്ട മൂന്നു ഭാഗത്തു നിന്നുമുള്ള ശബരിമല തീര്‍ത്ഥാടകര്‍ അടക്കമുള്ളവരുടെ വാഹനങ്ങള്‍ അരമണിക്കൂറോളം കാത്ത് കിടക്കേണ്ടി വന്നു. ഉപരോധ സമരം ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഗ്രാമീണ റോഡുകളടക്കം റബ്ബറൈസ്ഡ് ആയപ്പോഴും ഗുരുവായൂരില്‍ നാല് വര്‍ഷത്തോളമായി റോഡുകള്‍ തകര്‍ന്നു കിടക്കേണ്ടി വന്നത് എം.എല്‍.എ.യുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി.ബലറാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.കെ.അബൂബക്കര്‍ ഹാജി, ഡി.സി.സി.സി സെക്രട്ടറി പി.യതീന്ദ്രദാസ്, ബോക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍, ആന്റോ തോമസ്, ഷൈലജ ദേവന്‍, എം.വി ലോറന്‍സ്, എ.ടി സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.