പുന്നയൂർ: യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ സി പി എം ആക്രമണം. എടക്കര കുഴിങ്ങരയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഷ്‌കർ കുഴിങ്ങര, എം ഫാസിൽ, യു ഉമർ,എം സി ശറഫുദ്ദീൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. ഇവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫേസ്ബുക് തിരഞ്ഞെടുപ്പ് വാഗ്വാദങ്ങളുടെ തുടർച്ചയാണ് അക്രമം. റംസാൻ റിലീഫ് പ്രവർത്തനത്തിലായിരുന്ന
ഫാസിലിനെ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ സിപിഎമ്മുകാർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. മർദനമേറ്റ ഫാസിലിനെ ആശുപത്രിയിൽ എത്തിക്കാൻ പോകുകയായിരുന്ന യൂത്ത് ലീഗ് ജില്ല സെക്രട്ടറിയേയും സഹപ്രവർത്തകരെയും പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം യുവധാര ക്ലബിനു മുമ്പിൽ കാർ തടഞ്ഞു നിർത്തി വലിച്ചിറക്കി ആക്രമിക്കുകയായിരുന്നെന്ന് യൂത്ത്ലീഗ് നേതാക്കൾപറഞ്ഞു.
യൂത്ത് ലീഗ് പ്രവർത്തകരെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. കെ നൗഫൽ, സി.എസ് സുൽഫിക്കർ, എം.കെ.സി ബാദുഷ, വി.കെ മെഹ്റൂഫ്, പി.ഷാഹിദ് എന്നിവർ സംസാരിച്ചു.