തൃശൂർ : മുഹമ്മദ് നബി സ്ര)യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഘടകം തൃശൂരിൽ സംഘടിപ്പിക്കുന്ന മീലാദ് കോൺഫ്രൻസ് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും തൃശൂർ ജില്ലാ സംയുക്ത മഹല്ല് ഖാളിയുമായ സയ്യിദ് ഖലീലുൽ ഇബ്രാഹിം അൽ ബുഖാരി മുഖ്യാഥിതിയായി പങ്കെടുക്കും. നാളെ വൈകുന്നേരം 4 മണിക്ക് തൃശൂർ വടക്കേ സ്റ്റാന്റ് പരിസരത്ത് വാദീ മദീന നഗറിൽ വെച്ചാണ് കോൺഫ്രൻസ് നടക്കുക. ജില്ലയിലെ 450 മഹല്ലുകളിലെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി മാനേജ്മെൻറ് അസോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ തുടങ്ങി സുന്നി സംഘ കുടുംബത്തിലെ 1700-ലധികം വരുന്ന യൂണിറ്റുകളിലെയും വിശ്വാസികൾ പങ്കെടുക്കുന്ന മെഗാ മീലാദ് കോൺഫ്രൻ സാണ് തൃശൂരിൽ വെച്ച് നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വൈകുന്നേരം 4 മണിക്ക് ജില്ലയിലെ 1000-ലധികം പണ്ഡിതന്മാരും സാദാത്തുക്കളും പങ്കെടുക്കുന്ന ഗ്രാൻറ് മൗലിദ്, ബുർദ്ദ മജ് ലിസ്, മീലാദ് ജൽസ എന്നിവ നടക്കും. 6:30-ന് നടക്കുന്ന കോൺഫ്രൻസിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡണ്ട് താഴപ്ര മുഹ് യിദ്ധീൻ കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തെ സംബന്ധിച്ച് സമസ്ത ജില്ല സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി പ്രഭാഷണം നടത്തും. സംഘ കുടുംബത്തിലെ സ്റ്റേറ്റ് – ജില്ല നേതാക്കൾ, പൗരപ്രമുഖർ, സംബന്ധിക്കും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ, സ്വാഗത സംഘം ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ അബ്ദുൽ ഗഫൂർ മൂന്നുപീടിക, കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് പി.എ.മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ സി.വി മുസ്തഫ സഖാഫി താണിശേരി, സത്താർ പഴുവിൽ, എസ് വൈ എസ് ജില്ലാ സെക്രട്ടറി ജഅഫർ ചേലക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.