ഗുരുവായൂർ : അഭിനയത്തിലും കലോത്സവത്തിലും ഒരുപോലെ മുന്നേറി ജസ്നിയ ജയതീഷ്. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയ ജസ്നിയ മുല്ലശ്ശേരി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്.

സിനിമാ മേഖലയിലും കഴിവ് തെളിയിച്ച ജസ്നിയയ്ക്ക് ‘സ്വർണമത്സ്യങ്ങൾ’ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഇന്ത്യൻ ചൈൽഡ് ആർട്ടിസ്റ്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’യിലും അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിൽ ബിരുദമെടുത്ത് കൂടെ അഭിനയവും കൊണ്ടുപോകണമെന്നാണ് ജസ്നിയയുടെ ആഗ്രഹം. തൃശൂർ പൂവത്തൂർ സ്വദേശികളായ ജയതീഷിന്റെയും അമ്പിളിയുടെയും മകളാണ് ജസ്നിയ.