മുല്ലശ്ശേരി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വരൾച്ച ദുരിതാശ്വാസ യോഗം എം എൽ എ മുരളി പെരുനെല്ലിയുടെ അധ്യക്ഷതയിൽ ചേർന്നു. വരൾച്ച യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. കണ്ണോത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്കിലെ വെള്ളം വിതരണം ചെയ്യാത്തതിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കർ പറഞ്ഞു. 132 പൈപ്പുകള്‍ ടാങ്കിനടിയിലൂടെയിട്ട് 22 ടാപ്പുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നു. ആരോപണങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. വിശ്വാസവഞ്ചനയുടെ ഡിപ്പാർട്ട്മെന്റായി വാട്ടർ അതോറിറ്റി മാറിയെന്ന് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ കെ ഹുസൈൻ പറഞ്ഞു.
യോഗത്തിൽ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് മാരായ എൻ.പി ഖാദർ മോൻ, എ കെ ഹുസൈൻ, രതി എം ശങ്കർ, യു.കെ ലതിക, കെ.ജി പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ജെന്നി ജോസഫ്, തഹസിൽദാർ എം.ബി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. വാട്ടർ അതോറിറ്റി, കെ.എസ്.ഇ ബി, വില്ലജ് ഓഫിസ് ഉദ്യോഗസ്ഥർ എന്നിവർ യോത്തിൽ പങ്കെടുത്തു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കുമെന്നും കിയോസ്ക്കിൽ വെള്ളം എത്തിക്കുന്നതിന് ജലസ്രോതസുകൾ കണ്ടെത്തി റവന്യ ഡിപാർട്ട്മെന്റിന് റിപ്പോർട്ട് നൽകാനും യോഗത്തിൽ നിർദേശം നൽകി.