ചാവക്കാട് : എടക്കഴിയൂര്‍ മര്‍ഹും സയ്യിദ് ഹൈദ്രോസ് ഇംബിച്ചികോയ തങ്ങളുടേയും സഹോദരി സയ്യിദത്ത് ബീക്കുഞ്ഞി ബീവിയുടേയും ജാറത്തിലെ 159 ാമത് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ 8മണിക്ക് വളയംതോട് കൊഴപ്പാട്ട് അയ്യുപ്പുവിന്റ വസതിയില്‍ നിന്നും വടക്ക്ഭാഗം കമ്മറ്റിയുടെ ആദ്യകാഴ്ച പുറപ്പെട്ട് ഉച്ചയോടെ ജാറത്തിലെത്തി സമാപിച്ചു. തെക്ക്ഭാഗം കമ്മറ്റിയുടെ ആദ്യകാഴ്ച അതിര്‍ത്തി മഹ്‌ളറ പളളി പരിസരത്ത് നിന്നും ആരംഭിച്ചു. തുടര്‍ന്ന് വീട്ടുകഴ്ചകളും സംഘടനകള്‍ വ്യാപാരീസ്ഥാപനങ്ങളില്‍ നിന്നുള്ള കാഴ്ചകളും ഉണ്ടാകും.
നേര്‍ച്ചയുടെ പ്രധാന ദിവസമായ നാളെ രാവിലെ 8 മണിക്ക് വടക്ക് ഭാഗം കമ്മറ്റിയുടെ കൊടികയറ്റ കാഴ്ച ജാഫര്‍ തങ്ങളുടെ വസതിയില്‍ നിന്നും പുറപ്പെടും. ജാറത്തിന് വടക്ക്ഭാഗത്ത് നിന്ന് ഏഴോളം കമ്മറ്റികളുടെ കാഴ്ചയും ഇതേസമയം പുറപ്പെട്ട് എടക്കഴിയൂര്‍ പോസ്റ്റ് സെന്ററില്‍ സംഗമിച്ച് ഉച്ചക്ക് 12 മണിക്ക് ജാറത്തില്‍ എത്തും.
തെക്ക്ഭാഗം കമ്മറ്റിയുടെ കൊടികയറ്റ കാഴ്ച അതിര്‍ത്തിയില്‍ നിന്നും പുറപ്പെടും. ജാറത്തിന് തെക്ക്ഭാഗത്ത് നിന്ന് ഏഴോളം കമ്മറ്റികളുടെ കാഴ്ചയും അതിര്‍ത്തി സെന്ററില്‍ സംഗമിച്ച് 12മണിക്ക് ജാറത്തിലെത്തി വടക്ക്‌തെക്ക് ദേശക്കാര്‍ കൊടികയറ്റം നടത്തും.
40തിലേറേ ഗജവീരന്‍മാര്‍ അണിനിരക്കും. ഉച്ചക്ക് 2ന് നാട്ടുകാഴ്ച്ചയും ഉണ്ടാകും. രാത്രി 7ന് വിവിധ കമ്മറ്റിക്കാരുടെ വര്‍ണശഭളമായ കാഴ്ചകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ജാറത്തിലെത്തുന്നതോടെ നേര്‍ച്ചയാഘോഷങ്ങള്‍ക്കു സമാപനമാകും.