ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നു അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ചാണ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് പ്രത്യേക വാര്‍ഡ് , പ്രസവ ശുശ്രൂഷ വാര്‍ഡ് , ശീതികരിച്ച പ്രസവ മുറി , ആധുനിക സൗകര്യങ്ങളോട് കൂടിയ നവജാത ശിശു പരിചരണ യൂണിറ്റ് , ശീതികരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവയാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. രമ്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. ബേബി ലക്ഷ്മി,ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് എ. എ. മഹേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീര്‍, തോമസ് ചിറമ്മല്‍, ലാസര്‍ പേരകം തുടങ്ങിയവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000-ല്‍ നിന്നു ഘട്ടംഘട്ടമായി 4000-ആയി ഉയര്‍ത്തിയെന്നു മന്ത്രി പറഞ്ഞു. പ്രാഥമിക ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്നു കാതലായ മാറ്റം ആരോഗ്യ രംഗത്തുണ്ടാകാന്‍ രോഗ പ്രതിരോധത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക് മുന്‍ഗണന നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് 830 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 950 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.