ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം പത്താം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവത്ര കുമാര്‍ യു.പി. സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശാസ്ത്രക്രിയ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. തഹസില്‍ദാര്‍ കെ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി വി അജയകുമാര്‍ മുഖ്യാതിഥിയായി. നേത്രവിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും രോഗികള്‍ക്ക് സൗജന്യമായി മരുന്നും കുറഞ്ഞ നിരക്കില്‍ കണ്ണടയും വിതരണം ചെയ്തു. ശസ്ത്രക്രിയക്കു വിധേയരാകുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നടത്തുന്നതിനും ഭാരവാഹികള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കെ കെ പ്രധാന്‍, ഇക്ബാല്‍ മാസ്റ്റര്‍, എ കെ അലി, കെ വി മുഹമ്മദ്, കെ എ ജയതിലകന്‍, കെ കെ വേണു, എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃപ്രയാര്‍ റൈഹാന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.