ചാവക്കാട്: അരിമാര്‍ക്കറ്റിന് സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ അഗ്നിബാധ ഒഴിവായി. ബുധനാഴ്ച ഉച്ചക്കായിരുന്നു തീപ്പിടിത്തം. മാര്‍ക്കറ്റിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ പിന്നിലെ സ്ഥലത്താണ് സമീപ പ്രദേശത്തെ കടക്കാരും മറ്റും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നത്. ഇവിടെ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യൂണിയന്‍ തൊഴിലാളികളാണ് ആദ്യം കണ്ടത്. പുകവലിച്ച് ആരോ എറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്നാവാം തീ പടര്‍തെുന്നു സംശയിക്കുന്നു.
തീ ആളിപടരാന്‍ തുടങ്ങിയതോടെ ഭയചികിതരായ കച്ചവടക്കാര്‍ ഗുരുവായൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ സതീഷന്‍, ലീഡിങ്ങ് ഫയര്‍മാന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ തീ കെടുത്താനായതിനാലാണ് സമീപത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത്.