പുന്നയൂർക്കുളം: പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷിയിറക്കുമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു.

അഡാക്കിന്റെ (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) സഹായത്തോടെ പരൂർ കോൾപടവിലെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. കൊഞ്ച്, കട്‌ല, ഗ്രാസ്‌കാര്‍പ്പ്, റോഹു, മൃഗാല‍, സൈപ്പര്‍ തുടങ്ങിയ മല്‍സ്യകുഞ്ഞുങ്ങളെയാണ് ഇറക്കുക. 250 ഏക്കറില്‍ ഇറക്കാന്‍ 13 ലക്ഷം രൂപ ചെലവില്‍ മല്‍സ്യകുഞ്ഞുങ്ങളെയും അവക്കുള്ള തീറ്റയും അഡാക്ക് നല്‍കും. കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുന്‍പ് ഇവയെ സംരക്ഷിക്കുന്നതിനുള്ള നഴ്‌സറി നിര്‍മ്മിക്കാന്‍ 75 ശതമാനം സഹായവും നല്‍കും.

നഴ്‌സറിയുടെ നിര്‍മ്മാണം ഉപ്പുങ്ങലിലെ പൊന്നുകാരന്‍ കോളില്‍ ആരംഭിച്ചു. ആറ് ഏക്കറില്‍ ഒന്നര മീറ്റര്‍ ഉയരത്തിലും ഒരു മീറ്റര്‍ വീതിയിലും പ്രത്യേകം ബണ്ട് കെട്ടിയാണ് നഴ്‌സറി നിര്‍മ്മിക്കുന്നത്. മീന്‍കുഞ്ഞുങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ബണ്ടിനു ചുറ്റും വലകെട്ടും. ജൂണ്‍ ആദ്യം കുഞ്ഞുങ്ങളെ നഴ്‌സറിയില്‍ എത്തിക്കും. ഒന്നര മാസം വളര്‍ച്ചയെത്തിയ ശേഷമാണ് ഇവയെ കോളിലേക്ക് തുറന്നുവിടുകയെന്ന് കൃഷിക്ക് നേതൃത്വം നല്‍കുന്ന കെ.പി.ഷക്കീര്‍ പറഞ്ഞു.

പടവില്‍ ഭൂമിയുള്ളവര്‍ക്കും പാട്ടകര്‍ഷകര്‍ക്കും മല്‍സ്യവളര്‍ത്തലില്‍ പങ്കാളികളാകാമെന്ന് പടവ് കമ്മിറ്റി അറിയിച്ചു. 5000 രൂപയാണ് വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ളവര്‍ 30 നകം ബന്ധപ്പെടണമെന്ന് ഭാരവാഹികളായ കെ.പി.ഷക്കീര്‍, കെ.അബ്ദുല്‍ ഷുക്കൂര്‍, ടി.കെ.ഹസന്‍, നിഷാര്‍ എന്നിവര്‍ അറിയിച്ചു.