ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകൾക്ക് തീപിടിച്ച് കെട്ടിടത്തിനകത്തേക്ക് തള്ളിക്കയറിയ പുകയിൽ ശ്വാസംമുട്ടി കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേർ ചികിത്സയിൽ.
സംഭത്തിനിടയിൽ പരിഭ്രാന്തയായി ജനൽ വഴി പുറത്തേക്ക് ചാടിയ വീട്ടമ്മക്കും പരിക്ക്.
വ്യാഴാഴ്ച്ച ഉച്ചക്ക് 12ഓടെ പുന്നയൂർ പഞ്ചായത്തിൻറെ മൂന്നാം നിലയിൽ 120 ഓളം സ്ത്രീകൾ പങ്കെടുത്ത യോഗത്തിനിടയിലാണ് സംഭവം. പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണവും കുടുംബശ്രീ ക്ലാസിൻറെ രണ്ടാം ഘട്ടവും നടക്കുകയായിരുന്നു. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് അക്കൗണ്ടൻറ് ടി.എസ്. സ്മിത സംസാരിച്ച് കൊണ്ടിരിക്കെയാണ് ജനൽ വഴി അകത്തേക്ക് കറുത്ത പുക എത്തിയത്. നിമിഷം കൊണ്ട് ആർക്കും കണ്ണ്തുറക്കാനും ശ്വാസവലിക്കാനുമാവാത്ത അവസ്ഥയായി. . എന്താണ് സംഭവിക്കുന്നതറിയാതെ എല്ലാവരും ഉച്ചത്തിൽ കരയാൻ തുടങ്ങി. താഴേക്കുള്ള കോണിപ്പടികൾ കാണാതെ പലരും നാല് ഭാഗത്തേക്കും പരക്കം പാഞ്ഞു. കെട്ടിടത്തിനാണ് തീ കത്തുന്നതെന്ന് കരുതിയ എടക്കഴിയൂർ സ്വദേശി നാലകത്ത് ഷഹന (36) മൂന്നാം നിലയിൽ നിന്നും ചാടി. സമീപത്തെ ജനലിൽ ഒരു വശത്തെ കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച അവസ്ഥയിലായിരുന്നത് മാറ്റിയാണ് അവർ പുറത്തേക്ക് ചാടിയത്. രണ്ടാം നിലയും കടന്ന് അവരെത്തിയത് ഓഫീസിൻറെ മുന്നിലെ പുറത്തുള്ള തകര ഷീറ്റിനു മുകളിൽ. അതിനാൽ താഴേക്ക് വീഴാതെ അവിടെ തന്നെ ഇരുന്ന വീട്ടമ്മയെ കോണി വെച്ച് നാട്ടുകരാണ് താഴേക്ക് ഇറക്കിയത്. സംഭവ സമയത്ത് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന മുസ്ലിം ലീഗ് പ്രതിനിധിയും സ്ഥിരം സമിതി അധ്യക്ഷനുമായ ശിവാനന്ദൻ പെരുവഴിപ്പുറം, കൃഷി അസിസ്റ്റൻറ് ദീപക് എന്നിവരുടെ ധീരമായ ഇടപെടലാണ് വീട്ടമ്മമാർക്ക് രക്ഷയായത്. കരച്ചിൽ കേട്ട് ശിവാനന്ദൻ ആദ്യം ഓടി കയറാൻ ശ്രമിച്ചെങ്കിലും പുകമൂടി ഇരുട്ട് പരന്നതിനാൽ പരാജയപ്പെട്ടു. പിന്നെയും ഒരു ശ്രമം നടത്തിയതായി അക്കൗണ്ടൻറ് സ്മിത പറഞ്ഞു. കണ്ണുതുറക്കാനാകാതെ ആർത്തു കരയുകയായിരുന്ന സ്ത്രീകളെ കൈ പിടിച്ചി ശിവാനന്ദനും ദീപക്കും താഴേക്ക് ഇറക്കാൻ തുടങ്ങിയതോടെ പഞ്ചായത്തിലെ മറ്റു ജീവനക്കാരും പുറത്തുണ്ടായിരുന്ന നാട്ടുകാരുമെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.
പഞ്ചായത്ത് ഓഫീസിന്റെ കിഴക്ക് ഭാഗത്ത് മതിലിനോട് ചേർന്ന ഭാഗത്താണ് കടലാസുകളും മറ്റും കത്തിക്കുന്നത്. വിവിധ കാരണങ്ങളാൽ പഞ്ചായത്ത് പിടിച്ചെടുത്ത ഫ്ലക്സ് ബോർഡുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്നാൽ തീ കത്താനും പടരാനുമുള്ള കാരണം അഞ്ജാതമാണ്. ചെറുതും വലുതുമായ ഇരുപതോളം ഫ്ലക്സ് ബോർഡുകളാണ് കത്തിയമർന്നത്. ഇതിൽ നിന്നുയർന്ന കറുത്ത പുകയാണ് കിഴക്കു നിന്നുള്ള കാറ്റിൽ കെട്ടിടത്തിൻറെ അകത്തേക്ക് കയറിയത്.
കുടുംബശ്രീ ചെയർപേഴ്സൺ നസീമ മജീദ്, സി.ഡി.എസ് അംഗം കൂടിയായ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രേമാവതി ബാലൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻറെ ഭാര്യ ബിന്ദു, സജിത വലിയകത്ത് (33), മകൾ നക്ഷത്ര (8മാസം ), വാലിപറമ്പിൽ ജമീല (49), ഫാത്തിമ കണ്ണന്നൂർ അമ്പലത്ത് വീട്ടിൽ (48), സജിത എടക്കഴിയൂർ വീട്ടിൽ (40),
സൗമ്യ പുല്ലാനി (30), നെസി പണിക്കവീട് (35), പ്രേമാവതി ബാകൃഷ്ണൻ എടക്കഴിയൂർ വീട് (53), പുഷ്പ മുന്പറമ്പിൽ (55), സഫിയ മുക്രിയകത്ത് (55), സംഗീത ആയിനികുളം വീട് (36), ഷെറീന ചളിയിൽ വീട് (34) എന്നവരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ. എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പടെ പ്രദേശത്തെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി മൊത്തം മുപ്പതോളം വീട്ടമ്മമാരാണ് ചികിത്സ തേടിയത്. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എ. ഐഷ, ഹസീന താജുദ്ദീൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. അഷിത, സ്തിരം സമിതി അധ്യക്ഷ ജാസിറ എന്നിവർ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീൻറെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റവർക്ക് സാന്ത്വനമായി ക്യാംപ് ചെയ്യുന്നുണ്ട്.
തിരുവത്ര ലാസിയോ ആമ്പുലൻസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

IMG_20190110_223948K

ഫോട്ടോ : ഒരുമനയൂർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് മാരായ ബുഷറ ഷംസുദ്ദീൻ, കെ.അഷിത, ജില്ലാ പഞ്ചായത്തംഗം ടി.എ. ഐഷ എന്നിവർ ചികിത്സയിൽ കഴിയുന്നവരെ  ആശുപത്രിയിൽ സന്ദർശിക്കുന്നു.