ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിന് പോയ വള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞു. ഒരു എഞ്ചിനും മൂന്നു കെട്ട് വലകളും നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. വള്ളത്തിൽ നിന്നും തെറിച്ചു വീണ തൊഴിലാളികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം താനൂർ സ്വദേശികളായ മരക്കരകത്ത് റാഫി (33), അഞ്ചടിക്കൽ അർഷാദ് (23), പരീക്കടവത്ത് കുഞ്ഞിമരക്കാർ (65), സാവനാജി പുരക്കൽ അബ്ദുൽ ഖാദർ (52) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. പഞ്ചവടി കടപ്പുറത്ത് നിന്നും തൊഴിലാളികൾ കടലിലിറങ്ങിയത്. തീരത്തോട് ചേർന്ന സ്ഥലത്ത് വെച്ച് തന്നെ വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇതോടെ തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. പിന്നീട് ഇവർ നീന്തി കരക്കു കയറുകയായിരുന്നു.