ചാവക്കാട്: ചാവക്കാട്ട് തിരുവത്രയില്‍ സംഘട്ടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു.ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഏഴു പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മണത്തല അറക്കല്‍ രതീശന്റെ മകന്‍ മിഥുന്‍(22), പ്രവര്‍ത്തകനായ ബേബിറോഡ് കൊട്ടിലിങ്ങല്‍ സിറാജുദ്ദീന്റെ മകന്‍ ഷാക്കിര്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഐ ഗ്രൂപ്പ് വിഭാഗം പ്രവര്‍ത്തകരാണ് ഇരുവരും. മിഥുന്റെ വലതുകാലിനും ഷാക്കിറിന്റെ ഇടതു കൈയ്യിനുമാണ് പരിക്കേറ്റത്. വടിവാള്‍ വീശുതിനിടെ മിഥുന്റെ പുറത്തും സാരമല്ലാത്ത പരിക്കേറ്റു. ഇരുവരും ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് പ്രവര്‍ത്തകനുമായ സറൂഖ്, തെരുവത്ത് ഫൈസല്(22)‍, കേരന്റകത്ത് റഫീദ്(25), രാമി മുനീര്‍(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സറൂഖിനെ റിമാന്‍ഡ് ചെയ്തു.
റഫീദും, മുനീറും ബൈക്കില്‍ വരുമ്പോള്‍ വഴിയില്‍ മദ്യപിച്ചിരിക്കുകയായിരുന്നവരുടെ  മുഖത്തേക്ക് ബൈക്കിന്‍റെ ലൈറ്റ് അടിച്ചു എന്ന് പറഞ്ഞ് ബൈക്ക് തടയുകയും ചീത്ത വിളിക്കുകയും ചെയ്തതില്‍ പ്രകോപിതരായ പ്രതികള്‍ തിരികെ പോയി ഫൈസലിനെയും കൂട്ടി ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി  പോലീസ്  പറഞ്ഞു.  എന്നാല്‍ പരപ്പില്‍ താഴത്ത് സംസാരിച്ചു നില്‍ക്കുമ്പോള്‍  ഏഴംഗ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയും  സറൂഖ് പിടിച്ചു കൊടുത്താണ് ഇവര്‍ ആക്രമിച്ചതെന്നുമാണ്    പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഞായറാഴ്ച രാത്രി 10.30.ഓടെ തിരുവത്ര ബേബിറോഡിന് സമീപം പരപ്പില്‍താഴത്താണ് സംഭവം.
എന്നാല്‍ സറൂഖിന് സംഭവവുമായി ബന്ധമില്ലെന്നും കേസില്‍പെടുത്താന്‍ വേണ്ടി ആസൂത്രിതമായി ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. കള്ളക്കേസില്‍ കുടുക്കി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന എസ് ഐക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി എ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.