ഗുരുവായൂര്‍: സൗഹൃദബന്ധങ്ങളെ യുവാക്കള്‍ സമൂഹത്തിലെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ആഗോളതല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ അഗതി മന്ദിരത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ അഗതി മന്ദിരത്തിന് നല്‍കിയ വാട്ടര്‍ പ്യൂരിഫയറും, അന്തേവാസികള്‍ക്കുള്ള പുതപ്പും, കൊതുവലയും അടങ്ങുന്ന കിറ്റുകളും മുനവ്വറലി തങ്ങളില്‍ നിന്നും നഗരസഭ സെക്രട്ടറി രഘുരാമന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി. എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്ക്രട്ടറി ഇ.പി ഖമറുദ്ദീന്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എം സാദിഖലി, ഡോ. കെ.ബി സുരേഷ്, റഷീദ് കുന്നിക്കല്‍, അബ്ദുള്‍റഹീം മേല്‍മുറി, ഷഫീക്ക് പാണക്കാട്, ജിന്‍ഷാദ് നാട്ടിക, കെ. പി ഉദയന്‍, ആര്‍. എ അബൂബക്കര്‍, ആര്‍. എം സുജാവുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.