ഗുരുവായൂർ: ഗുരുവായൂരിലെ കോഫി ഹൗസ് അടച്ചുപൂട്ടി. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ കോഫി ബോർഡിന്റെ കേരളത്തിലെ സ്ഥാപനമായിരുന്നു ഗുരുവായൂരിലെ കോഫി ഹൗസ്. രണ്ട് ഇടുങ്ങിയ മുറികളിലായാണ് കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. ഇത് തങ്ങളുടെ സൽപ്പേരിന് ദോഷകരമാകും എന്നതിനാലാണ് കോഫി ഹൗസ് അടച്ചുപൂട്ടാൻ ബംഗളൂരുവിലെ ഹെഡ് ഓഫീസ് തീരുമാനിച്ചത്.
കിഴക്കേ നടയിലെ സത്രം കെട്ടിടത്തിലായിരുന്നു നാലു പതിറ്റാണ്ട് മുമ്പ് കോഫി ഹൗസ് ആരംഭിച്ചിരുന്നത്. സത്രം അങ്കണത്തിൽ ക്യൂ കോംപ്ലക്‌സ് നിർമ്മിക്കാൻ ദേവസ്വം ഭരണസമിതി മൂന്ന് വർഷം മുമ്പ് തീരുമാനിച്ചതിനെ തുടർന്നാണ് അവിടെ നിന്നും കോഫി ഹൗസിനെ ഒഴിപ്പിച്ചത്. തെക്കെ നടയിലെ ദേവസ്വത്തിന്റെ തന്നെ രണ്ട് ചെറിയ കടമുറികളാണ് പകരം ഇവർക്ക് അനുവദിച്ച് നൽകിയിരുന്നത്.
മഴ പെയ്താൽ സമീപത്തെ കാനയിൽ നിന്നും അഴുക്കുവെള്ളം കടയുടെ മുന്നിലേക്ക് കയറുമെന്നതിനാൽ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഇവിടെ കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. ഇത് കോഫി ബോർഡിന് തന്നെ ചീത്തപ്പേരാകും എന്നതിനാലാണ് അടച്ചുപൂട്ടാൻ ഹെഡ് ഓഫീസ് തീരുമാനിച്ചത്.