ഗുരുവായൂര്‍ : നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൻറെ ഭാഗമായാണ് രാജിവെച്ചത്. അങ്ങാടിത്താഴം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിനൊടുവിലാണ് രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് മുനിസിപ്പൽ സെക്രട്ടറി വി.പി. ഷിബുവിന് കൈമാറി. പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കും വരെ ഉപാധ്യക്ഷൻ കെ.പി. വിനോദിനാണ് ചെയർമാൻറെ ചുമതല. സി.പി.ഐയിലെ വി.എസ്. രേവതിയാകും അടുത്ത ചെയർപേഴ്സൺ.