ഗുരുവായൂര്‍ : ക്ഷേത്രത്തിന് അടുത്തുള്ള കിഴക്കേബ്രാഹ്മണ സമൂഹം റോഡിലെ കാനകളുടെ സ്ലാബ് തുറന്നിട്ടത് ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. നഗരം മോഡിപിടിപ്പിക്കുന്നതിന്റെ ഭാഗമായി പാത ടൈല്‍ വിക്കുതിനായാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്ലാബുകള്‍ തുറന്നിട്ടത്. അഞ്ച് ദിവസമായിട്ടും  പണികളൊന്നും എവിടെയുമെത്തിയിട്ടില്ല. കാനയില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡിലേക്ക് കോരിയിട്ടിരിക്കുകയാണ്. ഇതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാനാവാത്ത ഗതികേടിലാണ് പരിസരവാസികള്‍. ദുര്‍ഗന്ധം കാറ്റില്‍ ക്ഷേത്രനടയിലേക്കും വ്യാപിക്കുന്നുണ്ട്. കാന തുറന്ന സ്ലാബുകള്‍ റോഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഏറ്റവും അടുത്ത് വരെ ചെന്നെത്താവുന്നതിനാല്‍ ഇരു ചക്രവാഹനയാത്രികര്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഈ റോഡിലേക്കാണ്. നടക്കാന്‍ പ്രയാസമുള്ളവരും വയോധികരും ക്ഷേത്രത്തിലെത്താന്‍ ആശ്രയിക്കുതും ഈ റോഡിനെയാണ്. സ്ലാബുകള്‍ റോഡിലിട്ടിരിക്കുത് മൂലം കാല്‍നടയാത്രയും ദുസ്സഹമാണ്. രാത്രിയില്‍ വെളിച്ചക്കുറവു മൂലം പ്രായമായവര്‍ തട്ടിതടഞ്ഞ് വീഴുന്നുമുണ്ട്. അസഹ്യമായ ദുര്‍ഗന്ധം മൂലം പരിസരത്തെ വീട്ടുകാര്‍ മുഴുവന്‍ സമയവും ജനലുകളും വാതിലുകളും അടച്ചിട്ടിരിക്കുകയാണ്. വൈദ്യൂതി മുടക്കമുള്ള സമയത്ത് ജനലുകള്‍ തുറന്നിട്ടാല്‍ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്തയും അനുഭവപ്പെടാറുണ്ടെുന്നും പരിസരവാസികള്‍ പറയുന്നു. കുളിച്ച് ശുദ്ധിയായി ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ഈ ഭാഗതെത്തിയാല്‍ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. കാന തുറന്നിട്ടതു മുതല്‍ കൊതുക് ശല്യവും ദുര്‍ഗന്ധവും രൂക്ഷമായതായി പരിസരവാസിയായ എം. രാമന്‍കുട്ടി മേനോന്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതവും പാര്‍ക്കിംഗും നിരോധിച്ച് നഗരസഭ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇനി എത്രകാലം ഇത് തുടരേണ്ടി വരുമൊണ് നാട്ടുകാര്‍ ചോദിക്കുന്നത്. എത്രയും പെട്ടെന്ന്  പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ മാലിന്യവുമായി നഗരസഭയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ വീട്ടമ്മമാര്‍.