ചാവക്കാട്: സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്ക് പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2019-19 വര്‍ഷത്തേക്കുള്ള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 20,72,28,000 രൂപയുടെ പ്രതീക്ഷിത വരവും 20,68,73,00 രൂപയുടെ പ്രതീക്ഷിത ചെലവും 3,55,000 രൂപയുടെ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത് അവതരിപ്പിച്ചത്. സമ്പൂര്‍ണ പാര്‍പ്പിടം എന്ന ലക്ഷ്യം കഴിഞ്ഞാല്‍ കാര്‍ഷിക മേഖലക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കൃഷിഭൂമി പൂര്‍ണമായും ഉപയുക്തമാക്കി പച്ചക്കറി മേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി 1205 കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ബജറ്റില്‍ ഉറപ്പുവരുത്തും. ഇതിനായി 9.5 കോടി രൂപയുടെ പ്രതീക്ഷിത വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ലേബര്‍ ബജറ്റ് അംഗീകരിച്ചു. പട്ടികജാതി കോളനികള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്കാണ് ഇതില്‍ മുന്‍ഗണന.
ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷനായി. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ എം.കെ.ഹൈദരലി, സി.മുസ്താക്കലി എന്നിവര്‍ സംസാരിച്ചു. ബജറ്റില്‍ തുക വകയിരുത്തിയതില്‍ പക്ഷഭേദം ഉണ്ടായെന്ന് എല്‍.ഡി.എഫ് അംഗം മൂസ ആലത്തയില്‍ ആക്ഷേപമുന്നയിച്ചു.