banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-2014 Tuesday

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

posted on 12 August 2014
11-08-14 illam nira gvr
ഗുരുവായൂര്‍: കാര്‍ഷീക സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച  ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 6 .30 മുതലായിരുന്നു സമൃദ്ധിയുടെ അറകള്‍ നിറച്ച ഇല്ലംനിറ ചടങ്ങ്. ഞായറാഴ്ച്ച രാത്രി കിഴക്കേനടയിലെ കല്ല്യാണ മണ്ഡപത്തിന് സമീപം നിറക്കാവശ്യമായ 500-ഓളം നെല്‍കതിര്‍ കറ്റകള്‍ എത്തിച്ചിരുന്നു. 6.30-ന് ചടങ്ങാരംഭിക്കുന്നതിന് മുമ്പ് ക്ഷേത്ര ഗോപുരത്തിന് മുന്‍വശം അടിയന്തിര പ്രവര്‍ത്തിക്കാരായ പത്തുകാരായവാര്യര്‍മാര്‍ ശുദ്ധമാക്കിയ ശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെച്ചു. പാരമ്പര്യ കുടുംബങ്ങളിലെ അവകാശികളായ മനയത്ത് അഴീക്കല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍  കതിര്‍കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലം വെച്ച ശേഷം കതിര്‍കറ്റകള്‍ നാക്കിലയില്‍ സമര്‍പ്പിതോടെ ഇല്ലം നിറ ചടങ്ങുകള്‍ക്ക് തുടക്കമായി. കീഴ്ശാന്തി വേങ്ങേരി നാരായണന്‍ നമ്പൂതിരി  തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയതോടെ ക്ഷേത്രാങ്കണം  നിറവിളിയും ശംഖുനാദവും, ചെണ്ടയുടെ വലംതല മേളവും കൊണ്ട് മുഖരിതമായി. ഇതിനുശേഷം ശാന്തിയേറ്റ കീഴ്ശാന്തി മൂത്തേടം ഗോവിന്ദന്‍ നമ്പൂതിരി ഉണങ്ങല്ലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍കറ്റകള്‍ വെച്ച് തലയിലേറ്റി ശ്രീലകത്തേക്കെഴുന്നെള്ളിച്ചു. ഇദ്ദേഹത്തിന് പിന്നാലെ ശാന്തിയേറ്റ 13-കീഴ്ശാന്തികുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാര്‍ ബാക്കിയുള്ള കതിര്‍കറ്റകളും എഴുന്നെള്ളിച്ചു. ഈ കതിര്‍കറ്റകള്‍ ക്ഷേത്രത്തിലെ നമസ്‌ക്കാര മണ്ഡപത്തില്‍ സമര്‍പ്പിച്ചു. ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പ്പം തുടങ്ങിയ നിറക്കോപ്പുകള്‍ വെച്ച് കതിര്‍കറ്റകള്‍ സമര്‍പ്പിച്ചു. ശേഷം  ഒരുപിടി നെല്‍കതിര്‍ പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ശ്രീകോവിലില്‍ ചാര്‍ത്തിയതോടെ ഇല്ലംനിറയുടെ ചടങ്ങ് സമാപിച്ചു. പൂജിച്ച നെല്‍കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരി, ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, അഡ്മിനിസ്റ്റ്രേറ്റര്‍ കെ മുരളീധരന്‍, ഭരണസമിതിയംഗങ്ങളായ എന്‍ രാജു,  കെ ശിവശങ്കരന്‍, അഡ്വ: കെ സുരേശന്‍,  ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ എം സുരേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കൊയ്‌തെടുത്ത പുതിയ നെല്‍കതിരില്‍ നിന്നുള്ള അരികൊണ്ട് പുത്തരി പായസമുണ്ടാക്കി ക്ഷേത്രത്തില്‍ നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ആഗസ്റ്റ് 15 ന് നടക്കും.
ചാവക്കാട് : കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി ഡി.വി.രാജന്‍ എമ്പ്രാന്തിരി, ശ്രീപതി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ലക്ഷ്മി സങ്കല്‍പ്പത്തില്‍ ശ്രീലകത്ത് പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണന്‍ കാക്കശേരി, എ.ആര്‍.ജയര്‍, കെ.എം.ഷാജി, കെ.ബി. പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
11-08-14 kozhikulangara illamnira

ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറ ആഘോഷം