അറസ്റ്റിലായ റഷീദ്

അറസ്റ്റിലായ റഷീദ്

ഗുരുവായൂർ : ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ റഷീദിന്റെ ഭാര്യയും ചേറ്റുവ ചാന്തുവീട്ടില്‍ ബഷീറിന്റെ മകളുമായ ഫാത്തിമ്മ എന്ന സജന (22) യുടെ ദുരൂഹ മരണത്തിൽ ഭർത്താവ് റഷീദ് (30)നെയും റഷീദിന്റെ മാതാവ് അറുപത്തിയഞ്ച് വയസ്സുകാരി ബീവിയെയും ഗുരുവായൂർ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂർ എസ് ഐ കെ എ ഫക്രുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 15ന് ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സജ്നയെ തലകറങ്ങിയതാണന്നു പറഞ്ഞ് ഭർതൃ വീട്ടുകാർ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സജന മരണപ്പെട്ടിരുന്ന വിവരം ഡോക്ടര്‍ പറഞ്ഞപ്പോള്‍ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമം വീട്ടുകാർ നടത്തിയെങ്കിലും കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍ മൃതദേഹം വിട്ടുകൊടുക്കാതെ ഗുരുവായൂർ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ വിളിച്ചതോടെ റഷീദും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മുങ്ങി.
ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി സജന വീട്ടുകാരെ അറിയിച്ചിരുന്നു തന്റെ അടുത്തേക്ക് മാതാവിനെ പറഞ്ഞയക്കാൻ പിതാവിനോട് പറഞ്ഞിരുന്നു. വൈകീട്ട് മകളുടെ അടുത്ത്‌ എത്താമെന്ന് വീട്ടുകാർ ഉറപ്പും നൽകിയിരുന്നു. ഇതിനിടയിലാണ് മൂന്നര മണിയോടെ മകളുടെ മരണ വിവരം രക്ഷിതാക്കള്‍ അറിയുന്നത്.
ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും നിരന്തര പീഡനം സഹിക്കവയ്യാതെ സജ്ന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതാണെന്നു പോലീസ് പറയുന്നു.
നാലുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് ചെറിയ കുട്ടികൾ ഉണ്ട് ഇവർക്ക്. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.