Header

വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവം – വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

ഗുരുവായൂര്‍ : ക്ഷേത്ര സന്നിധിയില്‍ താലികെട്ടാനെത്തിയ വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. പൊലീസ് നടപടി സംബന്ധിച്ച് വരന്റെയോ വധുവുന്റെയോ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള വ്യക്തമാക്കി. പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ് പ്രഭ, തൃശ്ശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജി എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. വധു വരന്മാരെ കസ്റ്റഡിയെടുത്തത് വിവാദമായ സാഹചര്യത്തിലാണ് പോലീസ് തങ്ങളുടെ ന്യായം വ്യക്തമാക്കിയത്. സത്രം ഗേറ്റിന്റെ ഭാഗത്തു നിന്ന് വണ്‍വേ ലംഘിച്ച് മഞ്ജുളാല്‍ ഭാഗത്തേക്ക് കാറോടിച്ചു പോയ വരനെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടയുകയായിരുന്നുവെന്നും എ.സി.പി പറഞ്ഞു. അത് വകവെക്കാതെ മുന്നോട്ട് പോയപ്പോള്‍ വയര്‍ലെസില്‍ നല്‍കിയ സന്ദേശമനുസരിച്ച് മഞ്ജുളാല്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. കാര്‍ അമിത വേഗതയില്‍ തിരിച്ചു വരുമ്പോഴാണ് പൊലീസുകാരന്റെ ദേഹത്ത് തട്ടിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് വരന്‍ കാറോടിച്ചിരുന്നത്. പോലീസുകാരനെ ഇടിച്ചിട്ടതിന് പെറ്റികേസ് ചാര്‍ജ് ചെയ്യാനുള്ള ശ്രമത്തിനിടെ കാറിലുണ്ടായിരുന്നവര്‍ തട്ടികയറുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി വധൂ വരന്മാര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയ ഉടന്‍ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ തയ്യാറായെങ്കിലും ബന്ധുക്കള്‍ തര്‍ക്കമുണ്ടാക്കി ജാമ്യം എടുക്കാതിരിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. പൊലീസ് നടപടിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി ബാബുരാജ് പൊലീസുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വരനെതിരെ നേരത്തെ പത്തനംതിട്ടയില്‍ കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും പോലീസ് പറഞ്ഞു.

thahani steels

Comments are closed.