ചാവക്കാട്: വര്‍ഗ്ഗീയതക്കെതിരെ ജാഗ്രത പാലിക്കുകയും മതേതരത്വം ഉയര്‍ത്തി പിടിക്കുകയും ചെയ്യണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ പറഞ്ഞു. ഒരുമനയൂര്‍ നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. രാജ്യത്ത് മതേതരത്വമാണ് ഉയര്‍ത്തിപിടിക്കേണ്ടത്. പലപ്പോഴും ഇതില്‍ നിന്ന് വ്യതിചലിക്കുന്നതായി കാണുന്നു. വിദ്യാഭ്യാസം മൂല്യാധിഷ്ടിതമായിരിക്കണം. വര്‍ഗീയ വിഷം കുത്തിനിറച്ചാല്‍ രാജ്യത്ത് വെളിച്ചമില്ലാതാവും. വിദ്യാര്‍ത്ഥികളില്‍ വര്‍ഗ്ഗീയ വിഷം കലരുന്നത് തടയാന്‍ രക്ഷിതാക്കളും, അധ്യാപകരും ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിടിമുറുക്കുന്ന മദ്യ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് ചെയര്‍മാന്‍ ഇ.എം മുഹമ്മദ് അമ്മീന്‍ അധ്യക്ഷനായി. സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനകര്‍മ്മം ഫാത്തിമ്മ ഗ്രൂപ്പ് എം.ഡി. ഇ.പി മൂസ ഹാജി നിര്‍വഹിച്ചു. ഹംസ വലിയകത്ത്, മജ്‌ലിസ് എഡ്യുബോര്‍ഡ് സെക്രട്ടറി ഷിഹാബ് പുക്കോട്ടൂര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ, സ്‌കൂള്‍ മാനേജര്‍ ടി. അബൂബക്കര്‍, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. അബൂബക്കര്‍ ഹാജി, ഷൈനി ഷാജി, ഫൈസല്‍ ഉസ്മാന്‍, ടി.പി പ്രകാശ്, ഫാബിയാസ്, പ്രിന്‍സിപ്പല്‍ എം.കെ രാമചന്ദ്രന്‍, ഐ. മുഹമ്മദലി, കെ.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.