അല്‍ ഐന്‍ : അല്‍ – ഐന്‍ ടോപ്‌ ഫൈവ് ഫാമിലി റെസ്റ്റോറന്റ്റ് ഹാളിൽ കെ പി വത്സലന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം അല്‍-ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റെര്‍ സെക്രടറി ജിതേഷ് പുരുഷോത്തമന്‍ ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യയിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം ഇല്ലാതായിതീര്‍ന്നിരിക്കുകയാണെന്നും, ഇവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഈ അതിക്രമങ്ങളെല്ലാം ആർഎസ്എസ് – സംഘപരിവാര്‍ ആസൂത്രണത്തിലും പ്രേരണയിലുമാണ് നടക്കുന്നതെന്ന് ജിതേഷ് പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. പ്രതികരണശേഷിയുള്ള ഏതൊരു മനുഷ്യന്‍റെയും മനസ്സിന്‍റെ ഉള്ളില്‍ നിന്ന് പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരുന്ന സംഭവങ്ങളാണ് ,വാര്‍ത്തകളാണ് ഓരോ ദിനവും നമ്മുടെ ഇന്ത്യയില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നതെന്നും, രാജ്യത്തെയാകെ ദുരന്തഭൂമിയാക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ഏതു നീക്കത്തെയും ചെറുത്‌ തോൽപ്പിക്കാന്‍ മുഴുവന്‍ പുരോഗമന ശക്തികളും ഒട്ടകെട്ടായ് മുന്നോട്ട് വരണമെന്നു അദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മറ്റി അംഗം ജയന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി മുന്‍ സെക്രട്ടറി ബോസ് കുഞ്ചേരി, അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റെര്‍ മുന്‍ സെക്രട്ടറി റസ്സല്‍ മുഹമ്മദ്‌, മലയാളി സമാജം പ്രതിനിധി സലാം, പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ്‌ സുനില്‍ അലുങ്ങല്‍, സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അക്ബര്‍ഷാ, സഖാഫ്, സുഭാഷ്, മുനീര്‍ ഖാലിദ്‌, ബാദുഷ കോട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. യുസഫ് കട്ടിലകത്ത്‌ തയ്യാറാകിയ ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു