ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികക്കുമെതിരായി ഫെബ്രുവരി 1ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച കേരള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള ജനകീയ ലോങ്ങ് മാർച്ച് ഫെബ്രുവരി 15, 16, 17 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിൽ പര്യടനം നടത്തുകയാണ്.
ഫെബ്രുവരി 15ന് ഉച്ചക്ക് 2 മണിക്ക് വെളിയംങ്കോട് നിന്നും തുടങ്ങുന്ന ജാഥ വൈകീട്ട് 7 മണിക്ക് ചാവക്കാട് വസന്തം കോർണറിലെത്തി പൊതു സമ്മേളനത്തോടെ ഫെബ്രുവരി 15 ലെ പര്യടനത്തിന്റെ സമാപനം കുറിക്കും. ജസ്റ്റിസ് ബി.കമാൽ പാഷ, ചരിത്രകാരൻ ഡോ: എം.ജി.എസ് നാരയണൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, മുൻ എം.പി.തമ്പാൻ തോമസ്, സി പി എം നേതാവ് എം.എം.ലോറൻസ് എന്നിവർ ലോങ്ങ് മാർച്ചിന്റെ മുഖ്യ രക്ഷാധികാരികളും,
ടി.എ.മുജീബ് റഹ്മാൻ, മനോജ് ടി. സാരംഗ്, അഡ്വ.ജിജ ജെയിംസ് മാത്യു എന്നിവർ ജാഥാ ക്യാപ്റ്റൻ മാരുമാണ്.
മാർച്ച് 2ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോടെയാണ് ലോങ്ങ് മാർച്ച് സമാപിക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്വീകരണ പൊതുയോഗങ്ങളിൽ സാമുഹ്യ, രാഷ്ട്രിയ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കും. നാളെ വൈകുന്നേരം ചാവക്കാട് വസന്തം കോർണറിൽ നടക്കുന്ന പൊതുയോഗത്തിൽ അഡ്വ:ഹരീഷ് വാസുദേവൻ, സോയാ ജോസഫ്, ടി.എൽ.സന്തോഷ്, സുലൈമാൻ അസ്ഹരി, ടി.കെ.വാസു, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പ്രസംഗിക്കും.
സ്വാഗത സംഘം ചെയർമാൻ ബഷീർ ജാഫ്ന, കൺവീനർ നൗഷാദ് തെക്കുംപുറം, രക്ഷാധികാരി അബൂബക്കർ അൽ ഖാസിമി എടക്കഴിയൂർ, ചീഫ് കോഡിനേറ്റർ മാലിക്ക് അലി തൊട്ടാപ്പ്, അബൂബക്കർ ചേറ്റുവ, സഫർ തളിക്കുളം, ഹബീബ് ചെമ്മാപ്പള്ളി, ഖാലിദ് വാടാനപ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.