ശ്രുതി കെ എസ്

ഗുരുവായൂർ : കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കൈലാസത്തിൽ ഊട്ടുപുര സജ്ജമാണ്. തൃശൂർ ജില്ലാ റവന്യു സ്കൂൾ കേരള കലോത്സവത്തിന്റെ ഭാഗമായി പരിപാടികൾക്ക് വരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും സംഘാടകർക്കും ഭക്ഷണം മമ്മിയൂർ ക്ഷേത്രത്തിലെ കൈലാസം ഓഡിറ്റോറിയത്തിലാണ്. കഴിഞ്ഞ നാല് ദിവസമായി വിശ്രമമില്ലാതെ ഈ ഭക്ഷണശാല വിളമ്പുന്ന രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് കൊടകരയുള്ള അയ്യപ്പദാസും കൂട്ടരും.

കലോത്സവ നഗരിയിൽ നിന്ന് അയ്യായിരത്തോളം പേരാണ് കൈലാസത്തിൽ ഒരു നേരം ഭക്ഷണത്തിനെത്തുന്നത്. 2015 മുതൽ ജില്ലാ കലോത്സവങ്ങൾ ജില്ലാ കായികമേളകൾ ഉപജില്ലാ കലോത്സവങ്ങൾ ശാസ്ത്രമേളകൾ എന്നിവയ്ക്ക് വിഭവങ്ങളൊരുക്കി തുടങ്ങിയതാണ് അയ്യപ്പദാസ്. രുചിക്കൊപ്പം നാടൻ വിഭവങ്ങൾ ഒരുക്കാനാണ് താൽപ്പര്യമെന്ന് അയ്യപ്പദാസും സുഹൃത്ത് ഷൈജുവും. വർഷങ്ങളായി ഇരുവരും ചേർന്ന് കൊടകരയിൽ ഐക്കൺ എന്ന കാറ്ററിങ് സ്ഥാപനം നടത്തി വരുന്നു. പിന്നീട് കലോത്സവങ്ങളിൽ കലവറയ്ക്കായി തയ്യാറാകുന്നതും ഇവരോന്നിച്ചുള്ള പത്തംഗ സംഘമാണ്. ജില്ലാ കലോത്സവം ഫുഡ്‌ കമ്മിറ്റി ചെയർമാൻ കെ. പി. വിനോദ്, കൺവീനർ ടി.എൻ. അജയകുമാർ എന്നിവരാണ് ഇത്തവണ അയ്യപ്പദാസിനെ ഭക്ഷണ ചുമതല ഏൽപ്പിച്ചത്.

നവംബർ 19ന് ആരംഭിച്ച തൃശൂർ റവന്യു ജില്ലാ സ്കൂൾ കേരള കലോത്സവത്തിലും സ്വാദുള്ള ഭക്ഷണത്തിന് അഭിനന്ദനം ഏറ്റു വാങ്ങുകയാണ് അയ്യപ്പദാസ്. പ്രാതലിന് ഓരോ ദിവസവും ഇഡലി, അപ്പം കുറുമ, പൂരിബാജി എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങൾ. എരിശ്ശേരി, താളുകറി, ബീറ്റ്‌റൂട്ട് അച്ചാർ, ചൗ ചൗ അച്ചാർ തുടങ്ങി സ്‌പെഷ്യലുകളുമുണ്ട്. നാലായിരമായാലും അയ്യായിരമായാലും ഭക്ഷണം തികയാതെ ആർക്കും അവിടുന്ന് പോകേണ്ടി വരാറില്ല. പുലർച്ചെ ഉണരുന്ന കലവറ രാത്രി 1 മണി വരെ സജീവമാണ്. ഇന്ന് സമാപന ദിവസം സ്‌പെഷ്യൽ പായസങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കങ്ങളിലാണ് കലവറ പ്രവർത്തകർ.

food committee revenue disr school fest guruvayur

Food committee