ചാവക്കാട്: മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടം. പത്തോളം വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇന്ന് രാവിലെ പത്തരയോടെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് പത്ത് മിനിറ്റോളം നീണ്ടു നിന്നു. മരങ്ങള്‍ വീണ് നിരവധി വൈദ്യുതിക്കാലുകളും തകര്‍ന്നു. കെ.എസ്.ഇ.ബി. ചാവക്കാട് സെക്ഷന്‍ ഓഫീസ് പരിധിയില്‍ 30-ലേറെ വൈദ്യുതിക്കാലുകളാണ് മരം വീണ് തകര്‍ന്നത്. വൈദ്യുതി ബന്ധം വൈകീട്ടോടെയാണ് ഭാഗികമായെങ്കിലും പുനസ്ഥാപിക്കാനായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡിലിട്ടു പലരും അടുത്ത കടകളിലും വീടുകളിലും അഭയം തേടി. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് ഉള്‍പ്പെടെ നിരവധി സ്ഥലത്ത് ചീനിമര കൊമ്പുകള്‍ മുറിഞ്ഞുവീണു. പലയിടത്തും ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
ബ്ലാങ്ങാട് വൈലിക്ഷേത്രത്തിന് സമീപം പോക്കാക്കില്ലത്ത് ഹനീഫയുടെ വീടിനു മുകളില്‍ മരവും തെങ്ങും വീണ് വീടിന്റെ ട്രസ് പൂര്‍ണമായും തകര്‍ന്നു. തൊട്ടാപ്പില്‍ വീടിനു മുകളില്‍ തെങ്ങുവീണു. ഇരട്ടപ്പുഴ കോളനിപടിയില്‍ ചക്കര കയ്യോമയുടെ വീടിനുമുകളില്‍ പൂമരം വീണു. എടക്കഴിയൂരില്‍ കോഴികടക്കു മുകളില്‍ മരം വീണു. ഏനാമാവ് റോഡില്‍ പാലയൂരില്‍ മാവ് വൈദ്യുതി പോസ്റ്റില്‍ വീണ് രണ്ട് വൈദ്യുതി കാലുകള്‍ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് ചാവക്കാട് നഗരത്തില്‍ ഇന്ന് വൈകീട്ട് വരെ വൈദ്യുതി തടസപ്പെട്ടു. ഒരുമനയൂര്‍ അമൃത സ്‌കൂളിന് സമീപം പുതുവീട്ടില്‍ സത്താറിന്റെ വീട് മരം വീണു തകര്‍ന്നു. ഒരുമനയൂരില്‍ തന്നെ തൂമാട്ട് വിബിന സുനിലിന്റെ വീട് തെങ്ങു വീണു തകര്‍ന്നു. അമൃത സ്‌കൂളിന് സമീപം പുളിച്ചാറം വീട്ടില്‍ ഉബൈദിന്റെ പറമ്പിലെ തെങ്ങുവീണ് വൈദ്യുതികാല്‍ തകര്‍ന്നു. തിരുവത്രയില്‍ കാറ്റാടിമരം വീണ് കിഴക്കകത്ത് ഫാത്തിമ്മയുടെ വീട് തകര്‍ന്നു. തൊട്ടാപ്പില്‍ ലൈറ്റ് ഹൗസിന സമീപം തെങ്ങു വീണ് വൈദ്യുതി കാല്‍ തകര്‍ന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കൊപ്പര രാമചന്ദ്രന്റെ വിറകുപുര മരം വീണ് തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ ലോകകപ്പ് ഫുട്‌ബോള്‍ അടക്കമുള്ളവയുടെ പ്രചരണ ബോര്‍ഡുകള്‍ കാറ്റില്‍ നിലംപതിച്ചു.