ഗുരുവായൂര്‍: കോട്ടപ്പടി പിള്ളക്കാട് മേഖലയില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പിള്ളക്കാടും പരിസര പ്രദേശങ്ങളിലും തെരുവ് നായ അടുക്കളയിലും പണിസ്ഥലങ്ങളിലും ഓടിക്കയറി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു കീറി. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നായയുടെ വിളയാട്ടം.
അടുക്കളയില്‍ പണി എടുത്തു കൊണ്ടിരുന്ന മുട്ടത്ത് പറമ്പില്‍ ഷാജുവിന്റെ ഭാര്യ സബിതയുടെ മുഖവും നെറ്റിത്തടവും നായ കടിച്ച് കീറി. പിന്നീട് തൊട്ടടുത്ത ശ്രീലക്ഷ്മി വുഡ് വര്‍ക്സിലെക്ക് ഓടിക്കയറിയ നായ അവിടെ പണിയെടുത്ത് കൊണ്ടിരുന്ന പൂക്കോട്ടില്‍ ദിലീപിനെ ആക്രമിച്ചു. ദിലീപിന്റെ കൈവിരലിന് ഗുരുതരമായി പരിക്കേറ്റു. അവിടെനിന്നും ഉപ്പുതോടു് സെന്ററിലേക്ക് ഓടിയ നായ പൊന്നരാശ്ശേരി അപ്പുവിന്റെ ഭാര്യ രമണിയേയും, നെല്ലൂര്‍ പുള്ളിവളപ്പില്‍ ശങ്കരു ഭാര്യ കുഞ്ഞിക്കാളിയെയും, ഗുരുവായൂര്‍ മുൻ കൗൺസിലർ വട്ടംപറമ്പിൽ ദിനേശന്റെ പിതാവ് പറങ്ങോടൻ എന്നിവരെയും ആക്രമിച്ചു. ജോലിസ്ഥലത്ത് നിന്നും മടങ്ങി വരുന്ന വഴിയാണ് ഇവര്‍ നായുയുടെ ആക്രമണത്തിനു ഇരയായത്. ഇതിൽ പറങ്ങോടന് സാരമായ പരിക്കുണ്ട്. പരിക്കേറ്റവര്‍ക്ക് കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.