ചാവക്കാട്: മാനസിക നിലതെറ്റി തെരുവില്‍ അലഞ്ഞു നടന്നിരുന്ന 45കാരനായ ‘അജ്ഞാതന്’ യുവാക്കളുടെ കൂട്ടായ്മയില്‍ പുതു ജന്മം. താടിയും മുടിയും നീട്ടി വളര്‍ത്തി മേഖലയില്‍ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ കൂട്ടായ്മ പുതു ജീവന്‍ നല്‍കിയത്. അണ്ടത്തോട് സെന്ററിലുള്ള സ്‌കില്‍ ഗ്രൂപ്പിന്റെ ഓഫീസ് പരിസരത്ത് ദിവസങ്ങളായി ഇയാളെ കണ്ടതോടെ പ്രവര്‍ത്തകര്‍ ഇയാളെ വിളിച്ചിരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. ആദ്യമൊന്നും ചോദ്യത്തിന് ശരിയായി പ്രതികരിക്കാതിരുന്നതോടെ പ്രവര്‍ത്തകര്‍ ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് ഏറെ നേരം ഇയാള്‍ക്കൊപ്പം തന്നെ ചെലവഴിച്ചു. പിന്നീട് മുടിയും താടിയും വെട്ടിയൊതുക്കി പുതുവസ്ത്രം അണിയിപ്പിച്ചു. കാലില്‍ കണ്ട മുറിവ് ആശുപത്രിയില്‍ കൊണ്ടു പോയി വൃത്തിയാക്കി. ഇതിനിടയില്‍ വിവരങ്ങള്‍ അന്വേഷിച്ചു. ഇതോടെ അജ്ഞാതന്‍ തന്റെ പൂര്‍ണവിവരങ്ങള്‍ പറഞ്ഞു തുടങ്ങി. കണ്ണൂര്‍ മാഹിക്കടുത്ത് പള്ളൂര്‍ സ്വദേശിയായ തന്റെ പേര് രമേഷന്‍ എന്നാണെന്നും നാലു മാസം മുമ്പ് ജോലി തേടി വീടുവിട്ടതാണെന്നും വെളിപ്പെടുത്തി. ഇതോടെ ഇയാള്‍ നല്‍കിയ വിവരം ക്ലബ്ബ് പ്രവര്‍ത്തകര്‍ വടക്കേകാട്, പള്ളൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിലാസത്തില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഇതേ സമയം രമേശനെ കാണാതായ സമയം തന്നെ ബന്ധുക്കള്‍ പള്ളൂര്‍ പോലിസില്‍ പരാതി നല്‍കി കാത്തിരിക്കുയായിരുന്നു. രമേശിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുവായ വാസുവും നാട്ടുകാരനായ ഇസ്മയിലും അണ്ടത്തോടെത്തി. വടക്കേകാട് എസ്‌ഐ പ്രദീപ്കുമാര്‍, എ.എസ്‌ഐ അബ്ദുറഹിമാന്‍ എന്നിവരുടെ സാന്നിദ്ധത്തില്‍ അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബ് അംഗങ്ങളായ ഫിറോസ്, ജാഫര്‍ ചാലില്‍, നൗഷാദ്, ഷെമീര്‍, അമല്‍ കൃഷ്ണ, ഫാസില്‍, ജാസിം, റിയാസ്, അനസ്, റാഷിദ്, അനീഷ്, സാദിക്ക്‌ എന്നിവര്‍ ചേര്‍ന്ന് രമേശനെ വാസുവിനും ഇസ്മയിലിനുമൊപ്പം യാത്രയയച്ചു. ഇദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളും പൈസയും പ്രവര്‍ത്തകര്‍ കൈമാറി.